3. ജലപ്രളയം

May 25, 2024 - 13:02
May 25, 2024 - 13:43
 0
3. ജലപ്രളയം


ദീര്‍ഘ കാലത്തിനു ശേഷം ഭൂമിയില്‍ നിരവധി ജനങ്ങള്‍ ജീവിച്ചിരുന്നു. അവര്‍ വളരെ ദുഷ്ടന്മാരും നിഷ്ടൂരന്മാരും ആയിത്തീര്‍ന്നു. അതു വളരെ ചീത്തയായി തീര്‍ന്നതിനാല്‍ ദൈവം മുഴുവന്‍ ലോകത്തെയും ഒരു മഹാപ്രളയം കൊണ്ട് നശിപ്പിക്കുവാന്‍ തീരുമാനിച്ചു.
എന്നാല്‍ നോഹയോടു ദൈവത്തിനു പ്രസാദം തോന്നി. താന്‍ ദുഷ്ടരായ മനുഷ്യരുടെ ഇടയില്‍ ജീവിച്ചിരുന്ന ഒരു നീതിമാന്‍ ആയിരുന്നു. ഒരു മഹാപ്രളയം ഉണ്ടാക്കുവാന്‍ പോകുന്നുവെന്ന് ദൈവം നോഹയോടു പറഞ്ഞു. അതുകൊണ്ട്, ഒരു വലിയ പടകു ഉണ്ടാക്കുവാന്‍ അവിടുന്ന് നോഹയോടു പറഞ്ഞു.
ദൈവം നോഹയോടു ഏകദേശം 140 മീറ്റര്‍ നീളവും, 23 മീറ്റര്‍ വീതിയും 13.5 മീറ്റര്‍ ഉയരവും ഉള്ള ഒരു പടകു നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. നോഹ ഇത് മരംകൊണ്ടു മൂന്നു നിലകളിലായി, നിരവധി മുറികളും, ഒരു മേല്‍ക്കൂരയും ഒരു കിളിവാതിലും ഉള്ളതായി നിര്‍മ്മിക്കേണ്ടിയിരുന്നു. ഈ പടകു നോഹയെയും, തന്‍റെ കുടുംബത്തെയും കരയില്‍ ഉള്ള സകലവിധ മൃഗങ്ങളെയും പ്രളയ സമയത്തു സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനായിരുന്നു.
നോഹ ദൈവത്തെ അനുസരിച്ചു. അദ്ദേഹവും തന്‍റെ മൂന്ന് പുത്രന്മാരും ചേര്‍ന്ന് ദൈവം അവരോടു പറഞ്ഞതായ രീതിയില്‍ പടകു നിര്‍മ്മിച്ചു. ഇതു വളരെ വലുതായതിനാല്‍ ഇത് നിര്‍മ്മിക്കുവാന്‍ അനേക വര്‍ഷങ്ങള്‍ വേണ്ടിവന്നു. വരുവാന്‍ പോകുന്ന ജലപ്രളയത്തെക്കുറിച്ച് നോഹ ജനത്തിനു മുന്നറിയിപ്പു നല്‍കുകയും ദൈവത്തിങ്കലേക്കു തിരിയുവാനും അവരോടു പറഞ്ഞു, എങ്കിലും അവര്‍ അവനെ വിശ്വസിച്ചില്ല.
ദൈവം നോഹയോടും തന്‍റെ കുടുംബത്തോടും അവര്‍ക്കും മൃഗങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം സംഭരിക്കുവാനും പറഞ്ഞു. എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോള്‍, ദൈവം നോഹയോട് ഇത് അവനും, തന്‍റെ ഭാര്യയും, തന്‍റെ മൂന്നു മക്കളും അവരുടെ ഭാര്യമാരും പടകില്‍ കയറേണ്ട സമയം ആണെന്ന് പറഞ്ഞു—എല്ലാവരും ചേര്‍ന്നു എട്ടു പേര്‍.
ജലപ്രളയ സമയത്തു സുരക്ഷിതര്‍ ആയിരിക്കേണ്ടതിനു സകല മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍നിന്നും ഒരു ആണിനേയും ഒരു പെണ്ണിനേയും നോഹയുടെ അടുക്കലേക്കു അയച്ചു. യാഗത്തിന് ഉപയുക്തമായ നിലയില്‍ ഏഴു ആണിനേയും എഴു പെണ്ണിനേയും ഓരോ മൃഗജാതിയില്‍ നിന്നും ദൈവം അയച്ചു. അവ എല്ലാം പടകില്‍ കയറിയതിനു ശേഷം ദൈവം തന്നെ വാതില്‍ അടച്ചു.
അനന്തരം അതിഭയങ്കരമായ മഴ പെയ്യുവാന്‍ തുടങ്ങി. നാല്പതു പകലും നാല്പതു രാത്രികളും ഇടതടവില്ലാതെ മഴ പെയ്തുകൊണ്ടിരുന്നു. ഭൂമിയില്‍ നിന്നും വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരിന്നു. ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങള്‍ ഉള്‍പ്പെടെ ഭൂപരപ്പില്‍ ഉണ്ടായിരുന്ന സകലവും വെള്ളത്താല്‍ മൂടിയിരുന്നു.
പടകില്‍ ഉണ്ടായിരുന്ന ജനങ്ങളും മൃഗങ്ങളും ഒഴികെ ഉണങ്ങിയ നിലത്തു വസിച്ചു വന്ന സകല ജീവജാലങ്ങളും നശിച്ചു. പടകു വെള്ളത്തിന്‍റെ മുകളില്‍ ഒഴുകിക്കൊണ്ട് അതിനകത്തുള്ള സകലത്തെയും വെള്ളത്തില്‍ മുങ്ങിപ്പോകാതെ സംരക്ഷിച്ചു വന്നു.
മഴ നിന്നതിനു ശേഷം, പടക് അഞ്ചു മാസത്തോളം വെള്ളത്തില്‍ ഒഴുകി നടക്കുകയും ഈ കാലഘട്ടത്തില്‍ വെള്ളം താഴുവാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ഒരു ദിവസം പടക് ഒരു പര്‍വതത്തിന്‍റെ മുകളില്‍ നിന്നു, എന്നാല്‍ ഭൂമി മുഴുവനും വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. മൂന്നില്‍ അധികം മാസങ്ങള്‍ക്കു ശേഷം പര്‍വതങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങള്‍ കാണുവാന്‍ തുടങ്ങി.
നാല്പതു ദിവസങ്ങള്‍ക്കു ശേഷം, നോഹ മലങ്കാക്ക എന്നു വിളിക്കുന്ന ഒരു പക്ഷിയെ വെള്ളം ഇറങ്ങി ഉണങ്ങി തുടങ്ങിയോ എന്ന് അറിയുവാനായി പുറത്തുവിട്ടു, ആ മലങ്കാക്ക ഉണങ്ങിയ നിലം കണ്ടു പിടിക്കുന്നതിനായി പോകുകയും തിരിച്ചു വരികയും ചെയ്തു, എന്നാല്‍ അതിനു എന്തെങ്കിലും കണ്ടു പിടിക്കുവാന്‍ കഴിഞ്ഞതുമില്ല.
പിന്നീട് നോഹ പ്രാവ് എന്നു വിളിക്കുന്ന ഒരു പക്ഷിയെ അയച്ചു, എന്നാല്‍ അതിനും ഉണങ്ങിയ നിലം കണ്ടുപിടിക്കുവാന്‍ കഴിയാത്തതുകൊണ്ട് നോഹയുടെ അടുക്കല്‍ മടങ്ങി വന്നു. ഒരു ആഴ്ചയ്ക്ക് ശേഷം താന്‍ പ്രാവിനെ വീണ്ടും പുറത്തേക്കു വിട്ടു, അതു തന്‍റെ ചുണ്ടില്‍ ഒരു ഒലിവ് ശാഖയുമായി മടങ്ങി വന്നു! ജലം താഴ്ന്നുകൊണ്ടിരുന്നു, വീണ്ടും ചെടികള്‍ വളരുവാന്‍ തുടങ്ങി!
നോഹ വീണ്ടും ഒരാഴ്ച കൂടെ കാത്തിരുന്ന ശേഷം മൂന്നാം പ്രാവശ്യം പ്രാവിനെ പുറത്തേക്കു വിട്ടു. ഈ പ്രാവശ്യം അതിനു വിശ്രമിക്കാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചതുകൊണ്ട് മടങ്ങി വന്നില്ല. വെള്ളം വറ്റിത്തുടങ്ങിയിരുന്നു!
രണ്ടു മാസങ്ങള്‍ക്ക് ശേഷം ദൈവം നോഹയോടു പറഞ്ഞതു, “നീയും നിന്‍റെ കുടുംബവും സകല മൃഗങ്ങളും ഇപ്പോള്‍ പടകു വിടുക. നിരവധി മക്കളും കൊച്ചുമക്കളും ഉണ്ടാവുകയും ഭൂമിയെ നിറയ്ക്കുകയും ചെയ്യുക.” അങ്ങനെ നോഹയും കുടുംബവും പടകില്‍ നിന്നും പുറത്ത് വന്നു.
നോഹ പടകില്‍ നിന്നും പുറത്തു വന്നശേഷം, താന്‍ ഒരു യാഗപീഠം പണിതു, യാഗം അര്‍പ്പിക്കുവാന്‍ യാഗത്തിനുപയോഗിക്കാന്‍ കഴിയുന്ന ഓരോ ജാതി മൃഗങ്ങളെ അര്‍പ്പിച്ചു. ദൈവം യാഗത്തില്‍ സന്തുഷ്ടനാവുകയും നോഹയെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്തു.
ദൈവം പറഞ്ഞു, “ജനങ്ങള്‍ ചെയ്യുന്ന ദുഷ്ടകാര്യങ്ങളുടെ കാരണത്താല്‍ ഞാന്‍ വീണ്ടും ഭൂമിയെ ഒരിക്കലും ശപിക്കുകയില്ല എന്നു വാഗ്ദത്തം ചെയ്യുന്നു. അഥവാ ശിശുക്കള്‍ ആയിരിക്കുന്ന സമയം മുതല്‍ പാപം ചെയ്യുന്നവര്‍ ആയിരുന്നാലും ജലപ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കയില്ല.”
അനന്തരം ദൈവം തന്‍റെ വാഗ്ദത്തത്തിന്‍റെ അടയാളമായി ആദ്യത്തെ മഴവില്ല് ഉണ്ടാക്കി. ആകാശത്തില്‍ ഓരോ പ്രാവശ്യം മഴവില്ല് പ്രത്യക്ഷപ്പെടുമ്പോഴും, അവിടുന്ന് ചെയ്‌തതായ വാഗ്ദത്തവും അതുപോലെ തന്നെ തന്‍റെ ജനത്തെയും ഓര്‍ക്കും. _ഉല്‍പ്പത്തി 6-8 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._