ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും
ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കും. “ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ” (റോമർ 12:12,13) എന്നുള്ളതാണ് കൺവൻഷൻ്റെ മുഖ്യ പ്രമേയം.
ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ ജോൺ കൺവൻഷൻ്റെ ഉത്ഘാടനം നിർവ്വഹിക്കും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. ഒക്ടോ. 14 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദൈവദാസന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷ നടക്കും.
ഒക്ടോ 15 ശനിയാഴ്ച ഉച്ചക്ക് 2:30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവമക്കളെ കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ധാരാളം പേർ സംബന്ധിക്കും.
സുവിശേഷ പ്രസംഗകരായ പാസ്റ്റർ റെജി ശാസ്താംകോട്ട, കേരളം, പാസ്റ്റർ ഡേവിഡ് ലാൽ, ജബൽപൂർ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.
കോവിഡ്-19 എന്ന മഹാമാരി നിമിത്തം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന ഓൺലൈൻ കൺവൻഷന് ശേഷം എല്ലാവരും ഒരുമിച്ച് കൂടുന്ന ഈ വർഷത്തെ കൺവൻഷനായി സകലരും പ്രാർത്ഥനയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്നു. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി. എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. റീജിയന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ പാ. പി.എം ജോൺ, പാ. ലാജി പോൾ, പാ. ശാമുവേൽ തോമസ്, പാ. തോമസ് ശാമുവേൽ, ബ്ര. എം. ജോണിക്കുട്ടി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.