വിഡിയോ കോളില്‍ സുഹൃത്തിന്റെ രൂപം; എ.ഐ വഴി തട്ടിയത് 40,000 രൂപ; പ്രതി കാണാമറയത്ത്.

Oct 17, 2023 - 16:25
 0
വിഡിയോ കോളില്‍ സുഹൃത്തിന്റെ രൂപം; എ.ഐ വഴി തട്ടിയത് 40,000 രൂപ; പ്രതി കാണാമറയത്ത്.

കോഴിക്കോട്ടെ എഐ തട്ടിപ്പ് കേസില്‍ അന്വേഷണം തുടങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അഹമ്മദാബാദ് സ്വദേശിയായ കൗശല്‍ ഷാ ബിഹാറില്‍ നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം എത്തിയെന്ന സൂചന രണ്ടാഴ്ച മുന്‍പ് ലഭിച്ചിരുന്നു. പ്രതി സ്ഥിരമായി ഒരിടത്ത് തങ്ങാത്തതും മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതുമാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.

എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കേരളത്തില്‍ നടന്ന ആദ്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതി കാണാമറയത്ത് തന്നെ. ജൂലൈയിലാണ് അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശിയായ കൗശല്‍ഷാ കോഴിക്കോട് പാലാഴി സ്വദേശിയായ പി.എസ് രാധാകൃഷണനില്‍ നിന്ന് 40,000 രൂപ കൈക്കലാക്കിയത്. രാധാകൃഷ്ണന്‍റെ സുഹൃത്തിന്റെ രൂപം വിഡിയോ കോളില്‍ എഐ ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച് പണം തട്ടുകയായിരുന്നു. പണം വീണ്ടെടുത്തെങ്കിലും തട്ടിപ്പ് നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറവും കൗശല്‍ഷായെ കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസിന് കഴിഞ്ഞിട്ടില്ല.

പ്രതിയെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു. അഹമ്മദാബാദിലെ കൗശല്‍ ഷായുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടയാളാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൗശല്‍ഷായുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ച മുന്‍പ് ഇയാള്‍ ബിഹാറിലെത്തിയെന്ന് സൂചന ലഭിച്ചു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ഫോണ്‍ ലൊക്കേഷന്‍. എന്നാല്‍ പിന്നീട് ആ നമ്പരും ഓഫായി.

പ്രതിക്ക് സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന ശീലമില്ല. സ്ഥരമായി യാത്ര ചെയ്യുന്നതാണ് രീതി. കൂടാതെ ഫോണ്‍ നമ്പരുകളും ഇടക്കിടെ മാറ്റും. ഇതാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നത്. ചൂതാട്ടത്തിന് വേണ്ടിയാണ് കൗശല്‍ഷാ പണം തട്ടിയതെന്ന് കണ്ടെത്തിയിരുന്നു. ഗോവയിലെ അടക്കം ചൂതാട്ട കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതി ബന്ധപ്പെടാന്‍ സാധ്യതയുള്ള ചൂതാട്ടസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു.