Canada | രണ്ട് വര്‍ഷത്തിന് ശേഷം കൂടുതൽ സ്റ്റുഡന്റ് വിസകൾ അനുവദിച്ച് കാനഡ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലേക്കുള്ള (Canada) വിസ (visa) ലഭിക്കുന്നതിനുള്ള കാലതാമസം വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്.

Oct 26, 2022 - 02:09
 0

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലേക്കുള്ള (Canada) വിസ (visa) ലഭിക്കുന്നതിനുള്ള കാലതാമസം വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. 2019ല്‍ കോവിഡ് 19ന്റെ തുടക്കത്തില്‍ വിസ റിജക്ഷന്‍ നിരക്ക് (rejection) 35% ആയിരുന്നു. എന്നാല്‍ 2022ല്‍ ഇത് 60% ആയി വര്‍ധിച്ചു. നല്ല പ്രൊഫൈലുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ നല്‍കാത്ത സാഹചര്യമാണുള്ളത്. 8-10 മാസത്തോളമോ അതില്‍ കൂടുതലോ വിദ്യാര്‍ത്ഥികള്‍ക്ക് വിസക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു.

എന്നാല്‍ മൂന്ന് വര്‍ഷത്തോളം സ്റ്റഡി ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്റ്റുഡന്റ് വിസ ലഭിക്കുന്നുണ്ട്. കാനഡയിലേക്ക് വിസ നിരസിക്കുന്നത് കൂടിയതുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ യുകെ, യുഎസ്എ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷിച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

"നേരത്തെ ഈ നിരക്ക് വളരെ കൂടുതലായിരുന്നു, 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ വിസയ്ക്ക് അപേക്ഷിച്ചാൽ നാല് പേര്‍ക്ക് മാത്രമാണ് വിസ ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോള്‍ 10 അപേക്ഷകളില്‍ നിന്ന് 5-6 വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലധികമുള്ള സ്റ്റഡി ഗാപ് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ ലഭിക്കുന്നുണ്ട്," ജലന്ധറിലെ ജൂപ്പിറ്റര്‍ അക്കാദമിയുടെ കണ്‍സള്‍ട്ടന്റും ഉടമയുമായ നര്‍പത് ബബ്ബാര്‍ പറഞ്ഞു.

നേരത്തെ നല്ല പ്രൊഫൈലുകള്‍ നിരസിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്ന് കപൂര്‍ത്തല ആസ്ഥാനമായുള്ള ഐ-കാന്‍ കണ്‍സള്‍ട്ടന്റ് ഗുര്‍പ്രീത് സിംഗും പറഞ്ഞു. അപേക്ഷിക്കുന്ന വിസകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും ഇപ്പോള്‍ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നുണ്ടെന്ന് ലുധിയാന ആസ്ഥാനമായുള്ള ക്യാന്‍-ഏബിള്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ഡയറക്ടര്‍ ഖിലന്‍ദീപ് സിംഗ് പറയുന്നു.

പ്രധാനമായും പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ മോണ്‍ട്രിയലിലെ (ക്യുബെക്ക് പ്രവിശ്യ) കോളേജുകളില്‍ പ്രവേശനം നേടുന്നുണ്ടെന്നും കോവിഡ് മഹാമാരിയുടെ സമയത്തും പ്രവേശനം ലഭിച്ചിരുന്നുവെന്നും കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍, അതായത് 2022 ജൂണ്‍ വരെ 1,17,965 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ സ്പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു. 2019ല്‍ ആകെ 37,396 സ്പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ മാത്രമാണ് നല്‍കിയിരുന്നത്.

കൂടാതെ, 95% സ്റ്റുഡന്റ് വിസകള്‍ യുഎസ് പരിഗണിച്ചിരുന്നു. ഇതാണ് കാനഡയിലേക്ക് കൂടുതൽ സ്റ്റുഡന്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയതിനു പിന്നിലെ മറ്റൊരു കാരണം. വിസ നിരസിക്കുന്നത് ഒഴിവാക്കാന്‍ അവരവരുടെ കോളേജുകളില്‍ നിന്ന് ലഭിച്ച കത്തിനൊപ്പം എല്ലാ രേഖകളും അതേ ക്രമത്തില്‍ സമര്‍പ്പിക്കണമെന്നും കണ്‍സള്‍ട്ടന്റുമാര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നു. ഇതുകൂടാതെ, കാനഡയില്‍ പഠിക്കാനുള്ള കൃത്യമായ കാരണവും അവര്‍ സൂചിപ്പിക്കണം. എന്നിട്ടും, വിസ നിരസിക്കുകയാണെങ്കില്‍, പ്രൊഫഷണലുകളുടെ സഹായത്തോടെ അവര്‍ക്ക് അപ്പീല്‍ ചെയ്യാനും വിസയ്ക്കായി വീണ്ടും അപേക്ഷിക്കാനും കഴിയും. ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Summary: Canada resumes issuing more student visas after a two-year hiatus

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0