രാജ്യത്തിന്റെയും സഭയുടെയും നവോത്ഥാനം ലക്ഷ്യം: സിറിയൻ നഗരത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ സമ്മേളനം

May 3, 2022 - 00:08
 0
രാജ്യത്തിന്റെയും സഭയുടെയും നവോത്ഥാനം ലക്ഷ്യം: സിറിയൻ നഗരത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ സമ്മേളനം

രാജ്യത്തിന്റെയും, സഭയുടെയും നവോത്ഥാനം ലക്ഷ്യംവെച്ചുകൊണ്ട് സിറിയൻ നഗരമായ ഹോംസിൽ എഴുനൂറോളം ക്രൈസ്തവ യുവജനങ്ങളുടെ സമ്മേളനം ആരംഭിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഹോംസ്. മാർച്ച് മാസത്തിൽ ഡമാസ്കസ് നഗരത്തിൽ നടന്ന ഓൺലൈൻ സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ഹോംസിലെ കൂടിക്കാഴ്ചയും ക്രമീകരിച്ചിരിക്കുന്നത്. തെയ്സെ എന്ന സംഘടനയും, ജെസ്യൂട്ട് സഭയും സംയുക്തമായാണ് ഇത് നടത്തുന്നത്. കൂടാതെ പ്രാദേശിക ക്രൈസ്തവ നേതൃത്വത്തിന്റെ പൂർണ്ണമായ പിന്തുണ കൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയ്ക്കു വേണ്ടിയും, പ്രാദേശിക സഭയ്ക്കു വേണ്ടിയും ക്രൈസ്തവ യുവജനങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന വിഷയം ചർച്ചയാകും.

ആഭ്യന്തര സംഘർഷങ്ങളും, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളും ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യത്തെ ഒരു വിഭാഗമാണ് യുവജനങ്ങൾ. ഇതുമൂലം നിരവധി കുടുംബങ്ങളാണ് പുറം രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നത്. ഇപ്പോൾ സിറിയൻ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ബാഷർ അൽ ആസാദിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് ഹോംസ് നഗരത്തിൽ നിന്നായിരുന്നു. ഇതുമൂലം വിപ്ലവത്തിന്റെ തലസ്ഥാനം എന്ന പേരുകൂടി ഹോംസിനുണ്ട്.