വിടുതലിന്റെ സാക്ഷ്യവുമായി 45 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സിസ്റ്റർ വിമല പ്രഭാകരൻ
വിടുതലിന്റെ സാക്ഷ്യവുമായി 45 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സിസ്റ്റർ വിമല പ്രഭാകരൻ സജി പീച്ചി 45 ദിവസത്തോളം മുംബൈയിലെ പ്രശസ്തമായ സ്വകാര്യ ഹോസ്പിറ്റലിൽ അതിതീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലായിരുന്നു സഹോദരി വിമല പ്രഭാകരൻ. ഐപിസി മുംബൈ ആന്റോപ്പ്
45 ദിവസത്തോളം മുംബൈയിലെ പ്രശസ്തമായ സ്വകാര്യ ഹോസ്പിറ്റലിൽ അതിതീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലായിരുന്നു സഹോദരി വിമല പ്രഭാകരൻ. ഐപിസി മുംബൈ ആന്റോപ്പ് ഹിൽ പെനിയേൽ സഭാംഗമായ സിസ്റ്റർ വിമല ആരോഗ്യമുള്ള യാതൊരു രോഗങ്ങളുമില്ലാത്ത ഒരു സഹോദരിയായിരുന്നു.
തല മുതൽ പാദം വരെ ശരീരത്തിന്റെ ഇടതു ഭാഗത്ത് ഇടയ്ക്കിടെയനുഭവപ്പെട്ട പെരുപ്പ് താനത്ര കാര്യമായെടുത്തില്ല. ശരീരത്തിന്റെരക്ത സമ്മർദ്ദം കൂടിയതാകാമെന്ന് കരുതി അതിനുള്ള മരുന്ന് എടുക്കാമല്ലോ എന്ന് സമാശ്വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം സഭാ ശുശ്രൂഷകൻ ഭവന സന്ദർശനത്തിനായി വീട്ടിൽ എത്തി. പ്രാർത്ഥിച്ച് പോയിക്കഴിഞ്ഞപ്പോൾ മുതൽ ഇടതു വശത്ത് കലശലായ പെരുപ്പും മന്ദതയുമുണ്ടായി. സഭാ ശുശ്രൂഷകന് ഉടൻ ഫോൺ ചെയ്തു. വിവരമറിഞ്ഞ അദ്ദേഹം ഫോണിലൂടെ പ്രാർത്ഥിച്ച ശേഷം സംശയ നിവാരണത്തിന് സമീപത്തുള്ള ക്ലിനിക്കിൽ വരാൻ നിർദ്ദേശിച്ചു. ഭാര്യയോടൊപ്പം അദ്ദേഹവും ക്ലിനിക്കിലെത്തി. പരിശോധനയിൽ മൈനർ ഹാർട്ട് അറ്റാക് വന്നതാകാമെന്ന് കണ്ടെത്തി. കൂടുതൽ ചികിത്സക്കായി അടുത്തുള്ള കാർഡിയാക് ഹോസ്പിറ്റലിൽ അന്ന് രാത്രിയിൽ തന്നെ കൊണ്ടുപോയി. ടെസ്റ്റ് നടത്തി വിദഗ്ധ പരിശോധനയിൽ തന്റെ ഹൃദയധമനിയിൽ നാല് ബ്ലോക്ക് ഉള്ളതായി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഓപ്പറേഷൻ ചെയ്യുകയും നിരീക്ഷണത്തിന് ശേഷം സിസ്റ്റർ വിമലയെ ഭവനത്തിൽ പറഞ്ഞു വിടുകയും ചെയ്തു.
വീട്ടിലെത്തിയ തനിക്ക് കലശലായ ക്ഷീണം അനുഭവപ്പെട്ടു. ക്ഷീണം മാറുമെന്ന് കരുതി ഒരാഴ്ചയോളം കാത്തിരുന്നു. ക്ഷീണം ദിനംപ്രതി വർദ്ധിച്ചതല്ലാതെ യാതൊരു മാറ്റവുമുണ്ടായില്ല. അതേത്തുടർന്ന് പിറ്റേന്ന് തന്നെ സകല ടെസ്റ്റും നടത്തി. അതോടെ തന്റെ രക്തത്തിൽ മഞ്ഞപ്പിത്തമുള്ളതായും പിത്തസഞ്ചിയിൽ (ഗോൾ ബ്ലാഡറിൽ) കല്ലുള്ളതായും കണ്ടെത്തി. ഡോക്ടറെ കാണിക്കയും അദ്ദേഹം മുംബൈയിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സാമാന്യം മുഴുത്ത കല്ലായിരുന്നു തന്റെ പിത്തസഞ്ചിയിൽ ഉണ്ടായിരുന്നത്. രോഗ ലക്ഷണങ്ങൾ ഒന്നും തനിക്കുണ്ടായില്ല. പെട്ടെന്ന് ഓപ്പറേഷൻ ചെയ്ത് കല്ല് നീക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിലും ഹൃദയധമനികളിൽ സ്റ്റെന്റ് ഇട്ടിരിക്കുന്നത് നിമിത്തം മൂന്ന് മാസത്തിനകം ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചു.
ഇതിനോടകം മഞ്ഞപ്പിത്തം മൂർച്ഛിക്കയും തന്റെ ശരീരത്തിൽ വ്യാപിച്ച് അണുബാധ (ഇൻഫെക്ഷൻ) യുണ്ടാകയും ചെയ്തു. ഇതോടൊപ്പം ശ്വാസകോശത്തിൽ (ലംഗ്സ്) കഫം നിറയുകയും ഇൻഫെക്ഷൻ ആകയും ചെയ്തു. അതോടെ ഐ സി യൂ. വിൽ തന്നെ പ്രവേശിപ്പിച്ചു. ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. ഒരു ദിവസവും നിരവധി ടെസ്റ്റുകൾ. ഓരോ ടെസ്റ്റിനും ഭീമമായ ബില്ല് ആശുപത്രി അധികൃതർ ഈടാക്കികൊണ്ടിരുന്നു. പലയിടത്തു നിന്നും പണം തിരിമറി ചെയ്ത് ഹോസ്പിറ്റൽ കൗണ്ടറിൽ പണമടച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ ന്യുമോണിയ കൂടെ വന്നപ്പോൾ ഏറെ ആശങ്കയിലായി. ഈ സാഹചര്യത്തിൽ പിത്ത സഞ്ചിയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയ നടത്താൻ കഴിയാത്ത അവസ്ഥയും സംജാതമായി. ദിവസങ്ങൾ ഒരോന്ന് മുന്നോട്ട് പോയി. ഒടുവിൽ അല്പം ആശ്വാസം കണ്ടപ്പോൾ ഡോക്ടർമാർ ഗോൾ ബ്ലാഡറിലെ കല്ല് നീക്കം ചെയ്യുന്ന ഓപ്പറേഷൻ തീരുമാനിച്ചു. സിസ്റ്റർ വിമലയെ ആദ്യം കീഹോൾ സർജറി നടത്തി ഗോൾ ബ്ലാഡർ നീക്കം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കീഹോൾ സർജറി പരാജയമായി. പിന്നീട് ഓപ്പൺ സർജറി നടത്തി. സഭാ ശുശ്രൂഷകനും ബന്ധു മിത്രാദികളും ഓപ്പറേഷൻ തിയറ്ററിന് വെളിയിൽ ശ്വാസമടക്കിപ്പിടിച്ച് പ്രാർത്ഥനാ നിരതരായി നിലയുറപ്പിച്ചു.
ഉദ്ദേശം ആറു മണിക്കൂറിനു ശേഷമാണ് സിസ്റ്റർ വിമലയെ വെളിയിൽ കൊണ്ടുവന്നത്. അതോടെ നിരീക്ഷണത്തിനായി വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അതോടെ കാര്യങ്ങൾ എല്ലാം ശരിയാകുമെന്ന് എല്ലാവരും പ്രത്യാശിച്ചു . എന്നാൽ സിസ്റ്റർ വിമലയുടെ ആരോഗ്യസ്ഥിതി ഓരോ ദിവസം കഴിയുന്തോറും വഷളാവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പലരും വിവരങ്ങൾ ആരാഞ്ഞു. ആരോഗ്യസ്ഥിതിയിൽ വരുന്ന ഈ മാറ്റം എല്ലാവർക്കും ആശങ്കയുളവാക്കി.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തന്നെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തനിക്ക് എന്തും സംഭവിക്കുമെന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ എത്തിചേർന്നു. മരണമോ ജീവനോ എന്നുള്ള അവസ്ഥയിൽ താൻ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞു. ഒരു ജീവഛവം പോലെ ആ ഹോസ്പിറ്റൽ വാർഡിൽ താൻ കിടന്നു. കൈവിട്ടു പോയെന്ന് കരുതി ജീവനോടെ ഒരു നോക്ക് കാണാൻ മക്കളും മരുമക്കളും സ്വന്തം സഹോദരങ്ങളും ഓടിയെത്തി. എല്ലാവരും നിസ്സഹായരായി ആ അതിതീവ്ര പരിചരണ വാർഡിന് പുറത്ത് നിന്നു. ഭർത്താവ് പ്രഭാകരൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു. അതോടെ സഭയിൽ തന്റെ ജീവനുവേണ്ടി പ്രാർത്ഥനയാരംഭിച്ചു. എല്ലാ ദൈവമക്കളും ദൈവദാസന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സിസ്റ്റർ വിമലയുടെ വിടുതലിനായി വിവിധ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലും ഉപവാസത്തോടെ പ്രാർത്ഥിച്ചു.
ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്ന ഭീമമായ ബില്ല് കൊടുക്കാനാവാതെ ഏറെ ഭാരപ്പെട്ടു. മഹാരാഷ്ട്രയിലെ സഭകളിൽ നിന്ന് സഭയായും വ്യക്തികളായും പലരും സഹായഹസ്തം നീട്ടി. എന്നാൽ അതു കൊണ്ടൊന്നും കാര്യങ്ങൾ എവിടെയും എത്തിയില്ല. ദിവസംപ്രതി ടെസ്റ്റുകൾ നടന്നു. ഭീമമായ ബില്ലുകൾ കണ്ട് തന്റെ ഭർത്താവിനും ശാരീരിക പ്രയാസങ്ങളുണ്ടായി. ഊണും ഉറക്കവുമുപേക്ഷിച്ച് അവർ ഹോസ്പിറ്റൽ വരാന്തയിൽ ഇതികർത്തവ്യതാമൂഢരായി കഴിഞ്ഞു.
ഇതിനിടയിൽ സിസ്റ്റർ വിമലയ്ക്ക് സിരകൾ (vein) കിട്ടാതായപ്പോൾ തന്റെ തോൾ കിഴിച്ച് അതിലൂടെ മെഡിസിൻ കയറ്റിവിട്ടു. മൂക്കിലൂടെയും വായിലൂടെയുമൊക്കെ എന്റോസ്കോപ്പി ചെയ്യാൻ ക്യാമറ ഘടിപ്പിച്ച ട്യൂബ് കയറ്റി ഡോക്ടർമാർ ചികിത്സ തുടർന്നു കൊണ്ടേയിരുന്നു. തന്നിമിത്തം ശബ്ദം നഷ്ടപ്പെട്ടു. 45 ദിവസത്തോളം സിസ്റ്റർ വിമല വെന്റിലേറ്ററിൽ കഴിഞ്ഞു. ഓക്സിജന്റെ സഹായത്തോടെ ശ്വസനപ്രക്രീയ നടത്തിയ തന്നെ ജനറൽ തീവ്രപരിചരണ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സാധാരണ വാർഡിലേക്ക് മാറ്റിയ താൻ പിന്നീട് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. 20 ലക്ഷത്തോളം രൂപ ഇതിനോടകം ചികിത്സക്കായി ചെലവഴിച്ചു. ജീവൻ തിരിച്ചു തന്ന ദൈവത്തിനും പ്രാർത്ഥിച്ച ദൈവമക്കൾക്കും താനും ഭർത്താവും കുഞ്ഞുങ്ങളും നന്ദിയർപ്പിക്കുന്നു.