പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Oct 21, 2025 - 11:38
Oct 21, 2025 - 11:39
 0
പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ക്ക് തൈറോയ്ഡും 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള്‍ പലര്‍ക്കും അറിയാത്ത കാര്യമാണ്. ടൈപ്പ് 2 പ്രമേഹമുള്ള ഏകദേശം 4ല്‍ ഒരാള്‍ക്ക് തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനരഹിതമാകുന്ന ഹൈപ്പോതൈറോയിഡിസം അവസ്ഥയുമുണ്ട്. ഇത് യാദൃശ്ചികമല്ല.

കഴുത്തിന്റെ താഴ്ഭാഗത്ത് ആദംസ് ആപ്പിളിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോര്‍മോണുകളും ഇന്‍സുലിനും ശരീരത്തിന്റെ ഊര്‍ജ്ജ മാനേജര്‍മാരെപ്പോലെയാണ്. നിങ്ങളുടെ ശരീരം എത്ര വേഗത്തില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നുവെന്നത് നിയന്ത്രിക്കാന്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സഹായിക്കുന്നു. അതേസമയം ഇന്‍സുലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം സുഗമമാക്കുന്നതില്‍ ഇവ ഒരുമിച്ച് വലിയ പങ്ക് വഹിക്കുന്നു. അതിനാല്‍, തൈറോയ്ഡ് പ്രവര്‍ത്തനം തടസ്സപ്പെടുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ ബാധിക്കും. നേരെ തിരിച്ചും.

പ്രമേഹരോഗികളായ ആളുകള്‍ സാധാരണയായി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ബോധവാന്മാരായിരിക്കും. ഏറ്റക്കുറച്ചിലുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയാം. എന്നാല്‍ തൈറോയ്ഡ് തകരാറുകളുടെ പല ലക്ഷണങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുമെങ്കില്‍പ്പോലും പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുവാനുള്ള സാധ്യത കുറവാണ്. ഇവിടെയാണ് പതിവായി തൈറോയ്ഡ് പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം. – അബോട്ട് ഇന്ത്യയുടെ മെഡിക്കല്‍ അഫയേഴ്സ് ഹെഡ് ഡോക്ടര്‍ രോഹിത ഷെട്ടി പറയുന്നു. ശരിയായ പരിചരണത്തിലൂടെ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും.

തൈറോയ്ഡ് പലപ്പോഴും അവഗണിക്കപ്പെടുന്നു. ജനസംഖ്യയുടെ വലിയൊരു ശതമാനവും തിരിച്ചറിയാത്ത പ്രശ്നങ്ങളുമായാണ് ജീവിക്കുന്നത് എന്നതിനാല്‍ ആവശ്യമായ പരിചരണം തേടുന്നില്ല. പ്രമേഹമുള്ള പലര്‍ക്കും ശ്രദ്ധേയമായ ലക്ഷണങ്ങളില്ലാതെ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാകാം. ക്ഷീണം, ഓര്‍മ്മക്കുറവ്, ഉറക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, അമിത ഭാരം എന്നിവ മുതല്‍ മലബന്ധം, വരണ്ട ചര്‍മ്മം, തണുപ്പിനോട് അസഹിഷ്ണുത, പേശിവലിവ്, വീര്‍ത്ത കണ്‍പോളകള്‍ എന്നിവ വരെ ആകാം അവ. തൈറോയ്ഡ് പ്രവര്‍ത്തന രഹിതമാകുന്നത് ഊര്‍ജ്ജ നില, ഭാരം, മാനസികാവസ്ഥ, ഹൃദയമിടിപ്പ് എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. – തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. അഖില്‍ കൃഷ്ണ പറയുന്നു,

പ്രമേഹവും തൈറോയ്ഡ് തകരാറുകളും കൂടിച്ചേര്‍ന്നാല്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമാകല്‍, രക്തചംക്രമണത്തിലെ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇവ ഡയബറ്റിക് റെറ്റിനോപ്പതി (രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുമ്പോള്‍ സംഭവിക്കുന്നു), നാഡികളുടെ തകരാറ്, ഹൃദ്രോഗം തുടങ്ങിയ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.

ഹൈപ്പോ തൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം ശരീരം ഇന്‍സുലിനെ സ്വീകരിക്കുന്ന പ്രവര്‍ത്തിയെ മന്ദഗതിയിലാക്കുന്നു ഇന്‍സുലിന്‍ രക്തത്തില്‍ കൂടുതല്‍ നേരം നിലനില്‍ക്കും എന്നതാണ് ഇതിനര്‍ഥം. ഇത് രക്തത്തിലെ പഞ്ചസാരയില്‍ അപ്രതീക്ഷിതമായ കുറവിന് കാരണമാകും. മെറ്റബോളിസം മന്ദഗതിയിലാകുവാനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാതുന്നു. ഒപ്പം ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാതെയാകും. പ്രമേഹമുള്ളവരില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന തൈറോയ്ഡ് തകരാറ് സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയിഡിസമാണ്. തൈറോയ്ഡ് ഗ്രന്ഥി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാത്തതും എന്നാല്‍ ദൃശ്യമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുമായ ഒരു അവസ്ഥയാണിത്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലെ മാറ്റങ്ങളാല്‍ ഹൈപ്പോതൈറോയിഡിസം ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.

ഹൈപ്പര്‍തൈറോയിഡിസം

ഹൈപ്പര്‍തൈറോയിഡിസം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. ഇത് ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസ് വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കാരണമാകുകയും കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കുന്നത് കുറയുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവിലേക്കാണ് (ഹൈപ്പര്‍ ഗ്ലൈസീമിയ) ഇത് നയിക്കുന്നത്. പ്രമേഹമുള്ളവരില്‍ സ്ഥിരമായ ഗ്ലൂക്കോസ് അളവ് നിലനിര്‍ത്തുന്നത് ഇതുകരണം വെല്ലുവിളിയാകും.

ഹൈപ്പോതൈറോയിഡിസവും ഹൈപ്പര്‍തൈറോയിഡിസവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നുവെന്നതിനാല്‍ പതിവായുള്ള പരിശോധനകളും പരിപാലനവും ആവശ്യമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0