'സ്തുതി' പാടിയത് 'സാത്താനോ'? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

Oct 1, 2024 - 07:53
 0
'സ്തുതി' പാടിയത് 'സാത്താനോ'? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു.   യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നവർ  ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും വിവാദമായിരിക്കുകയാണ്.

കര്‍ത്താവിന് സ്തുതി പാടുന്നത് സാത്താന്‍ ആണോ എന്നാണ് ഒരു  വിഭാഗം പേര്‍ ചര്‍ച്ചയാക്കുന്നത്. സാത്താന്റെ കൊമ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്നത്. ഒരു സാധാ സ്തുതി ഗീതമല്ല ഈ ഗാനം എന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്.