ഐ.പി.സി ലോഗോ ദുരുപയോഗം: മുന്നറിയിപ്പുമായി ഐപിസി ജനറൽ കൗൺസിൽ

ഐപിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ നേതൃത്വത്തിനും മറ്റുള്ളവർക്കും എതിരെ നടക്കുന്ന അനാവശ്യ ചർച്ചകളും അവസാനിപ്പിക്കണമെന്ന് ജനറൽ കൗൺസിൽ കത്തിലൂടെ അറിയിച്ചു. ശുശ്രൂഷകന്മാർക്കോ

Nov 19, 2021 - 19:07
Sep 21, 2022 - 19:48
 0

ഐപിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ നേതൃത്വത്തിനും മറ്റുള്ളവർക്കും എതിരെ നടക്കുന്ന അനാവശ്യ ചർച്ചകളും അവസാനിപ്പിക്കണമെന്ന് ജനറൽ കൗൺസിൽ കത്തിലൂടെ അറിയിച്ചു.

ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്.

പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കണമെന്നും കത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഇറക്കിയിരിക്കുന്ന കത്തിന്റെ പൂർണരൂപം:

ക്രിസ്തുവിൽ ബഹുമാന്യരായ ദൈവദാസൻമാർക്കും വിശ്വാസികൾക്കും സ്നേഹ വന്ദനം !

വിശുദ്ധ വേദപുസ്തക ഉപദേശങ്ങളിൽ അധിഷ്ടിതമായി രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പ്രേഷിത പ്രവർത്തനം നടത്തിവരുന്ന അത്യാത്മിക പ്രസ്ഥാനമാണ് ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ. സഭയുടെ വിശ്വാസ പ്രമാണങ്ങളും നിയമാവലികളും അംഗീകരിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വിവിധ പ്രാദേശിക സഭകളിൽ അംഗത്വം നൽകുന്നു. ദൈവസഭയിൽ അംഗങ്ങളായ എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരേയും സമഭാവനയോടെ സ്നേഹിക്കുകയും കരുതുകയും ചെയ്തുവരുന്ന സമൂഹമാണ് ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ. വംശീയവും സാമുദായികവുമായ വേർതിരിവുകളും വിവേചനവും സഭ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അത്തരം അനാത്മിക പ്രവർത്തനങ്ങൾ ഖേദകരവും അപലപനിയവുമാണ്. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാൻ സാധ്യമായ നടപടികൾ സഭ ചെയ്തു വരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളും വ്യക്തി അധിക്ഷേപങ്ങളും സഭക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം വളർത്തുന്ന, ആരോഗ്യകരമല്ലാത്തതും അർത്ഥ ശൂന്യവുമായ ഇത്തരം ചർച്ചകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളും മനപ്പൂർവ്വം ഒഴിഞ്ഞിരിക്കേണ്ടതാണ്. ക്രിസ്തുവേശുവിന്റെ സ്നേഹത്താൽ ഒന്നായി തീർന്നവർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നത് വിശ്വാസ സമൂഹത്തിന് ഭൂഷണമല്ല.

ഐ.പി.സി.യുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് നടത്തുന്ന വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില ആഴ്ചകൾക്ക് മുമ്പ് ഐപിസി ജനറൽ കൗൺസിലിനുവേണ്ടി ഭാരവാഹികൾ ഒരു സർക്കുലർ അയച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും സഭാനേതൃത്വത്തെ അഹേളിക്കുന്നതായും അറിയുന്നു.

ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണഘടനാപരമായ വേദികളുണ്ട്. ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സഭാ നേതൃത്വത്തിനും മറ്റുള്ളവർക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നത് അച്ചടക്ക ലംഘനമാണ്. ഇത്തരം ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ സഭാനേതൃത്വം നിർബന്ധിതരാകുമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

ദൈവ വചനത്തിനും സഭാ ഭരണഘടനയ്ക്കും വിധേയമായി പരസ്പര സ്നേഹത്തോടും സഹവർത്തി ത്വത്തോടും കൂടി പ്രവർത്തിക്കുവാൻ എല്ലാവരും പരമാധി പരിശ്രമിക്കേണ്ടതാണ്. ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവസഭയുടെ വളർച്ചക്കായി ഐക്യതയോടെ പ്രവർത്തിക്കാൻ എല്ലാവരേയും ദൈവം സഹായിക്കട്ടെ !