ജപ്പാനിൽ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങൾ, ഇന്നും ശക്തമായ പ്രകമ്പനങ്ങള്‍; രക്ഷാപ്രവർത്തനം തുടരുന്നു

Jan 2, 2024 - 12:46
 0

ജപ്പാനിൽ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങളെന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 പേരുടെ മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി. തകർന്ന കെട്ടിടങ്ങൾ, തുറമുഖത്ത് മുങ്ങിയ ബോട്ടുകൾ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇന്നലെ ഉണ്ടായതിൽ 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ കൂടുതലും 3ൽ കൂടുതൽ തീവ്രതയുള്ളവയായിരുന്നു. ജപ്പാന്‍റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. മേഖലയിലെ 32,700 വീടുകളിൽ വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച കുറഞ്ഞത് 1.2 മീറ്റർ (നാലടി) ഉയരമുള്ള തിരമാലകൾ വാജിമ തുറമുഖത്ത് ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകൾക്കു ശേഷം മുന്നറിയിപ്പ് പിൻവലിച്ചു. പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ആയിരത്തോളം പേര്‍ സൈനിക താവളത്തില്‍ താമസിക്കുന്നുണ്ട്.

ജപ്പാനില്‍ ഇപ്പോൾ നല്ല തണുത്ത കാലാവസ്ഥയാണ്. വെള്ളം, ഭക്ഷണം, പുതപ്പുകൾ, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് പ്രദേശത്തേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താൻ രക്ഷാപ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0