കോട്ടയത്തെ മൃ​ഗീയ റാ​ഗിങ്: ഡിവൈഡറും കോമ്പസും ഉപയോഗിച്ച് ദേഹത്ത് കുത്തി; ആഴ്‌ചയിൽ 800 വീതം പിരിച്ചു

Feb 13, 2025 - 08:41
 0

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ നടന്നത് മൃ​ഗീയ പീഡനം. വിവസ്ത്രനാക്കി കൈയുംകാലും കട്ടിലിൽ കെട്ടിയിട്ടു. കഴുത്തുമുതൽ കാൽപാദംവരെ ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തി. മുറിവേറ്റ സ്ഥലങ്ങളിൽ നിന്നും രക്തം പൊടിഞ്ഞപ്പോൾ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി. വേദനകൊണ്ട് നിലവിളിച്ചപ്പോൾ വിദ്യാർഥിയുടെ വായിലേക്കും ലോഷൻ ഒഴിച്ചു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി.

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ഒന്നാംവർഷ ജി.എൻ.എം. വിദ്യാർഥികൾ നേരിട്ട ക്രൂരപീഡനങ്ങളാണിവ. സംഭവത്തിൽ മൂന്നിലവ് വാളകം കീരീപ്ലാക്കൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത് (20) മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് (21) എന്നിവരെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൃ​ഗിയമായ ഈ ചെയ്തികൾ മറ്റൊരു വിദ്യാർഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ബ്ലേഡുകൊണ്ട് മുറിഞ്ഞ് ദേഹത്തു നിന്നും രക്തം വാർന്നൊഴുകുന്ന വീഡിയോയും പൊലീസിന് ലഭിച്ചു. കൂടാതെ എല്ലാ ആഴ്ചകളിലും 800 രൂപവീതം ജൂനിയർ വിദ്യാർഥികൾ സീനിയർ വിദ്യാർഥികൾക്ക് മദ്യപാനത്തിനായി നൽകണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗൂഗിൾ പേ തെളിവുകളും ശേഖരിച്ചു. പീഡനത്തിനിരയായ വിദ്യാർഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർഥികൾ മദ്യപിച്ചിരുന്നു. മൊബൈലിൽ ചിത്രീകരിച്ച ഈ രംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്ക് മുമ്പ് പീഡനം ആരംഭിച്ചത്. ജൂനിയർ വിദ്യാർഥികളെ പ്രതികളുടെ മുറിയിലേക്ക് രാത്രി 11 മണിയോടെ വിളിച്ചുവരുത്തിയായിരുന്നു പീഡനം..

ഇവരുടെ നിലവിളി പുറംലോകമറിയാതിരിക്കാനായി മുറിയിൽ ഉച്ചത്തിൽ പാട്ടും വെക്കും. ഈ പാട്ടിനൊപ്പം ഇവരെ നൃത്തംചെയ്യിപ്പിക്കും. കത്തി കഴുത്തിൽെവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇവർപറയുന്ന സമയത്ത് പറയുന്ന കടകളിൽനിന്ന് മാത്രമേ വാങ്ങാവുള്ളൂ. ഇത് നിഷേധിച്ചാലും മർദ്ദനം. പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം. കെ.ജി.എസ്.എൻ.എ.യുടെ ഭാരവാഹിയാണ് ഇയാൾ. ഇടത് അനുകൂല സംഘടനയാണ് കെ.ജി.എസ്.എൻ.എ. തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെത്തുടർന്ന് ക്രൂരമർദ്ദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർഥി വീട്ടിൽ അറിയിച്ചതും പരാതിയിലേക്കെത്തിയതും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0