ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

Oct 2, 2024 - 11:44
 0

തങ്ങളെ ആക്രമിച്ചതോടെ ഇറാന്‍ വലിയൊരു തെറ്റ് ചെയ്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി തങ്ങള്‍ ഉടന്‍ കൊടുക്കുമെന്നും അദേഹം പറഞ്ഞു. ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഇറാന്‍ അനുഭവിക്കുമെന്നും അദേഹം പറഞ്ഞു. അതേസമയം, ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ ചെറുക്കാന്‍ അമേരിക്ക സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇസ്രയേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ബൈഡനും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ നിന്ന് ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍എസ്സി വക്താവ് സീന്‍ സാവെറ്റ് എക്സിലൂടെ അറിയിച്ചു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നടത്തുന്ന മിസൈലുകളും മറ്റ് വ്യോമാക്രമണങ്ങളും നിര്‍വീര്യമാക്കുന്നതിന് ഇസ്രായേല്‍ സൈന്യത്തെ സഹായിക്കണം. ഐഡിഎഫിനൊപ്പം ചേര്‍ന്ന് ആക്രമണങ്ങളെ പ്രതിരോധിക്കാനും അമേരിക്കന്‍ സൈന്യത്തോട് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ അടിയന്തര സുരക്ഷാ യോഗത്തിന് ശേഷമാണ് അദേഹം സൈന്യത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയത്. . പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ചേര്‍ന്നാണ് ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്. ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കന്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്.


ഇറാന്‍  ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0