ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷകന്‍ ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍
ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍.
ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു അദ്ദേഹത്തിന്റെ പതിനൊന്നാമത് ചരമവാര്‍ഷികം. ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ക്രൈസ്തവരും, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മൂന്ന്‍ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനില്‍ എത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി ഓള്‍ സെയിന്റ്സ് ദേവാലയത്തിലെത്തി ഷഹബാസ് ഭാട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാക്കിസ്ഥാനിലെ മതന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഭട്ടി 2011 മാര്‍ച്ച് 2-നാണ് കൊല്ലപ്പെടുന്നത്.
അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും അദ്ദേഹത്തെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു. അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു.
നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. അനുസ്മരണ ചടങ്ങില്‍ ‘വോയിസ് ഓഫ് ജസ്റ്റിസ്’ പ്രസിഡന്റ് ജോസഫ് ജാന്‍സന്‍, അവകാശ സംരക്ഷണത്തിന് വേണ്ടിയും, തീവ്രവാദവും വിവേചനവും ഇല്ലാതാക്കുന്നതിനും ഭാട്ടി നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഷഹബാസ് ഭാട്ടിയെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സെനറ്റില്‍ കൂടുതല്‍ ന്യൂനപക്ഷ പ്രാതിനിധ്യം, സര്‍ക്കാര്‍ ജോലികളില്‍ 5% ന്യൂനപക്ഷ സംവരണം, ഓഗസ്റ്റ് 11 ന്യൂനപക്ഷ ദിനമായി പ്രഖ്യാപിക്കല്‍ തുടങ്ങി മന്ത്രിയായിരുന്ന കാലത്ത് ഭട്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു ചടങ്ങില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷ്കിനാസ് ഖോഖാര്‍ പറഞ്ഞു. ‘തീവ്രവാദത്തിനെതിരേയുള്ള പോരാട്ടവും, ജിന്നയുടെ വീക്ഷണത്തിലുണ്ടായിരുന്ന പാക്കിസ്ഥാന് വേണ്ടിയുള്ള ശ്രമങ്ങളും ഇരട്ടിയാക്കുക’ എന്നതാണ് ഭാട്ടിയെ ഓര്‍മ്മിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പ് ജോണ്‍സണ്‍ റോബര്‍ട്ട് പറഞ്ഞു. പാക്കിസ്ഥാനില്‍ നിരവധി ന്യൂനപക്ഷ സംഘടനകള്‍ക്ക് അടിത്തറയിട്ട വ്യക്തികൂടിയാണ് ഭട്ടി