ആറ് മാസം ബഹിരാകാശത്ത്; ചൈനീസ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

Dec 8, 2022 - 19:47
 0
ആറ് മാസം ബഹിരാകാശത്ത്; ചൈനീസ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സുഴെ എന്നിവരുടെ ദൗത്യ സംഘമാണ് 183 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. തിങ്കളാഴ്ച പ്രാദേശിക സമയം 12. 10നാണ് ബഹിരാകാശ യാത്രികരേയും വഹിച്ച് ഷെൻഷോവ് 14 പേടകം ഭൂമിയിലെത്തിയത്.

ഗോബി മരുഭൂമിയുടെ വടക്കൻ മേഖലയായ ഇന്നെർ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്. ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ജൂൺ അഞ്ചിന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ചൈനയുടെ ബഹിരാകാശ നിലയം അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ മൂന്ന് ബഹിരാകാശ യാത്രികരും അവിടെ ജോലി ചെയ്യുകയായിരുന്നു.

ബഹിരാകാശ നിലയത്തിലെ ബാക്കി ജോലികൾ കൈകാര്യം ചെയ്യാനായി ചൈന ഷെൻഷൗ 15 എന്ന ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ അയച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരെ ബഹിരാകാശത്തേയ്ക്ക് എത്തിച്ചത്. ബഹിരാകാശ നിലയം കൂട്ടിച്ചേർക്കാൻ ചൈന 11 ദൗത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നു, ആ 11 ദൗത്യങ്ങളിൽ അവസാനത്തേതാണ് ഷെൻഷൗ -15.

ചൈനയുടെ ബഹിരാകാശ നിലയത്തെ ചൈനയിൽ ‘സെലസ്റ്റിയൽ പാലസ്’ എന്നാണ് വിളിക്കുന്നത്. 2021 ഏപ്രിലിലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ടി ആകൃതിയിലുള്ള മൂന്ന് മൊഡ്യൂളുകൾ കൊണ്ടാണ് ഈ ബഹിരാകാശ നിലയം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭാരം 180 ടൺ ആയിരിക്കും. അടുത്ത വർഷം ആദ്യത്തോടെ ബഹിരാകാശ നിലയം പൂർണ്ണമായും സജ്ജമാകും.