സർട്ടിഫിക്കറ്റുകളിൽ പെന്തെക്കോസ്തു മത വിഭാഗം എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കും: ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പെന്തക്കോസ്തു പ്രസ്ഥാനത്തെ പ്രതിനിധികരിച്ചു ഐ. പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ, ഐ. പി.സി ജനറൽ ട്രഷറർ സജി പോൾ, കേരള സ്റ്റേറ്റ് ട്രഷറർ ജോയി താനവേലിൽ, പി. വൈ. പി. എ സംസ്ഥാന പ്രസിഡന്റ് സുധി എബ്രഹാം എന്നിവർ പങ്കെടുത്തു. സഭാഹാൾ നിർമാണം, സെമിത്തേരി മുതലായ പെന്തക്കോസ്തു സമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

May 23, 2018 - 20:05
 0
സർട്ടിഫിക്കറ്റുകളിൽ പെന്തെക്കോസ്തു മത വിഭാഗം എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നല്കിയതായി സഭാ നേതാക്കൾ. എൽ. ഡി. എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ക്രൈസ്തവ മത-മേലധ്യക്ഷന്മാരുടെ യോഗത്തിൽ പെന്തക്കോസ്തു പ്രസ്ഥാനത്തെ പ്രതിനിധികരിച്ചു ഐ. പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ, ഐ. പി.സി ജനറൽ ട്രഷറർ സജി പോൾ, കേരള സ്റ്റേറ്റ് ട്രഷറർ ജോയി താനവേലിൽ, പി. വൈ. പി. എ സംസ്ഥാന പ്രസിഡന്റ് സുധി എബ്രഹാം എന്നിവർ പങ്കെടുത്തു. പെന്തെക്കോസ്തു സമൂഹത്തെ ഔദ്യോഗിക മത വിഭാഗമായി സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തണം എന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.
സഭാഹാൾ നിർമാണം, സെമിത്തേരി മുതലായ പെന്തക്കോസ്തു സമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അടിയന്തിര ഇടപെടൽ അദ്ദേഹം വാഗ്ദാനം ചെയ്തു. സമൂഹത്തിന്റെ മറ്റ് ആവശ്യങ്ങൾ പരിഹരിക്കാം എന്ന ഉറപ്പും അദ്ദേഹം സമ്മേളനത്തിൽ കൈമാറി.

പി. വൈ. പി. എയെ പ്രതിനിധീകരിച്ച് സംസാരിച്ച സംസ്ഥാന അദ്ധ്യക്ഷൻ സുധി കല്ലുങ്കൽ പെന്തെക്കോസ്തു സഭകളിലെ അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. അതു പോലെ തന്നെ സ്ക്കൂൾ – കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ തടയാൻ കൂട്ടായ പരിശ്രമം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു

വർഷങ്ങളായി സർക്കാരിൽ നിന്ന് അവഗണന മാത്രം ലഭിച്ചിരുന്ന പെന്തക്കോസ്തു സമൂഹത്തിന് ഇന്നലെ ലഭിച്ച അവസരം പുത്തൻ പ്രതീക്ഷകൾ തുറന്നു തരുന്നതായിരുന്നു.