കന്ധമാൽ ക്രൈസ്തവ കൂട്ടകൊലയുടെ 14ാം വാർഷികം
2008ൽ ഒഡീഷയിലെ കന്ധമാലിൽ അരങ്ങേറിയ ക്രൈസ്തവ കൂട്ടക്കൊല 14 വര്ഷം കഴിയുന്നു .. ഓഗസ്റ്റ് 23നാണ് ക്രൈസ്തവ കൂട്ടക്കൊലയുടെ പതിനാലാം വാർഷികം.
2008ൽ ഒഡീഷയിലെ കന്ധമാലിൽ അരങ്ങേറിയ ക്രൈസ്തവ കൂട്ടക്കൊല 14 വര്ഷം കഴിയുന്നു .. ഓഗസ്റ്റ് 23നാണ് ക്രൈസ്തവ കൂട്ടക്കൊലയുടെ പതിനാലാം വാർഷികം.
2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവരെ ആക്രമിക്കാൻ തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായാണ് ഇവർ ഇതിനെ നോക്കികണ്ടത്. അവിടെ ഇനിയും ജീവിക്കണം എന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെടുകയും ക്രൈസ്തവർ ഇതിന് വിസമ്മതിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവന രഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും, 2016 സുപ്രീംകോടതി തന്നെ വിമർശിച്ചിരുന്നു. ഇത്രയും ആളുകൾ കൊല്ലപ്പെട്ടു എന്നത് സംഭ്രമം ഉണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞിരുന്നു.
Also Read: 10 വർഷത്തെ തടവിന് ശേഷം ക്രിസ്ത്യാനിയെ ജാമ്യത്തിൽ വിടാൻ ഇന്ത്യ കോടതി ഉത്തരവിട്ടു
827 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 315 കേസുകളിലും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വിധി പറഞ്ഞ 362 കേസുകളിൽ, 78 കേസുകളിൽ മാത്രമേ ശിക്ഷ നൽകിയിട്ടുള്ളൂ. ഇതിനിടയിൽ ലക്ഷ്മണാനന്ദയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് നിരക്ഷരരായ ഏഴ് ക്രൈസ്തവ വിശ്വാസികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിൽ മാനസിക പ്രശ്നങ്ങൾ അലട്ടുന്ന ഒരാളും ഉൾപ്പെട്ടിരിന്നു. 2013ൽ രണ്ട് ജഡ്ജിമാരെ സ്ഥാനം മാറ്റിയതിനുശേഷം മൂന്നാമത്തെ ഒരു ജഡ്ജിയാണ് ക്രൈസ്തവർക്ക് ശിക്ഷ വിധിച്ചത്. എന്നാൽ 2019ൽ സുപ്രീം കോടതി ക്രൈസ്തവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിട്ടു. നിരപരാധികളായ ക്രൈസ്തവ വിശ്വാസികളെ കുറ്റവിമുക്തരാക്കിയാൽ മാത്രമേ കന്ധമാൽ രക്തച്ചൊരിച്ചിന്റെ പിന്നിലെ സത്യം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും എല്ലാ ക്രൈസ്തവരും ഇതിന് വേണ്ടി പ്രാർത്ഥിക്കണമെന്നും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കന്ധമാൽ രക്തസാക്ഷികൾക്ക് നീതി ലഭിക്കാനായി പോരാട്ടം നടത്തിവരുന്ന മാധ്യമപ്രവർത്തകനായ ആന്റോ അക്കര പറഞ്ഞു.