സൗത്ത് കൊറിയയില്‍ ജനവാസമേഖലയില്‍ ബോംബ് വീണ് 15 പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ മാപ്പ് ചോദിച്ച് സൗത്ത് കൊറിയന്‍ വ്യോമസേന

Mar 7, 2025 - 08:08
 0
സൗത്ത് കൊറിയയില്‍ ജനവാസമേഖലയില്‍ ബോംബ് വീണ് 15 പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ മാപ്പ് ചോദിച്ച് സൗത്ത് കൊറിയന്‍ വ്യോമസേന

സൗത്ത് കൊറിയയില്‍ സൈനികാഭ്യാസത്തിനിടെ ജനവാസമേഖലയില്‍ ബോംബ് പതിച്ച് 15 പേര്‍ക്ക് പരിക്ക്. സൈനികാഭ്യാസത്തിനിടെ അബദ്ധത്തില്‍ വര്‍ഷിച്ച ബോംബുകള്‍ പതിച്ചാണ് 15 പേര്‍ക്ക് പരിക്കേറ്റത്. രണ്ട് യുദ്ധ വിമാനങ്ങളില്‍ നിന്നായാണ് എട്ട് ബോംബുകള്‍ പതിച്ച് ജനങ്ങള്‍ക്ക് പരിക്കേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച രാവിലെ 10ന് ആയിരുന്നു ഉത്തര കൊറിയയ്ക്ക് സമീപമുള്ള പൊചെയോണ്‍ നഗരത്തില്‍ സൈനികാഭ്യാസത്തിനിടെ ജനവാസമേഖലയില്‍ ബോംബ് പതിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും നാശനഷ്ടങ്ങള്‍ക്ക് മാപ്പുചോദിക്കുന്നതായും സൗത്ത് കൊറിയന്‍ വ്യോമസേന അറിയിച്ചു.

സൈനികാഭ്യാസത്തിനിടെ എയര്‍ഫോഴ്‌സ് കെഎഫ് 16 എയര്‍ ക്രാഫ്റ്റുകളില്‍നിന്നാണ് എംകെ 82 ഇനത്തില്‍പ്പെട്ട ബോംബുകള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ക്ക് പരിക്കേറ്റതിന് പുറമേ നിരവധി കെട്ടിടങ്ങള്‍ക്കും ഒരു പള്ളിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സൗത്ത് കൊറിയന്‍ വ്യോമസേന വ്യക്തമാക്കി.