സ്വവര്‍ഗ്ഗ വിവാഹം: ക്രിസ്ത്യന്‍ നിലപാടില്‍ ഉറച്ചുനിന്ന കമ്പനിക്ക് കോടതി വിജയം
ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത മക്ആര്‍തേഴ്സ് ആഷേഴ്സ് ബേക്കിംഗ് കമ്പനിയുടെ നിലപാടിനെ അനുകൂലിച്ച് യുകെയിലെ ഉന്നത കോടതി. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ‘സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നു
ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത മക്ആര്‍തേഴ്സ് ആഷേഴ്സ് ബേക്കിംഗ് കമ്പനിയുടെ നിലപാടിനെ അനുകൂലിച്ച് യുകെയിലെ ഉന്നത കോടതി. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ‘സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നു’ എന്ന സന്ദേശത്തോട് കൂടിയുള്ള കേക്ക് നിര്‍മ്മിക്കാതിരിക്കുവാന്‍ അവകാശമുണ്ടെന്ന ബേക്കറി ഉടമസ്ഥരുടെ നിലപാടിനെ ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. ഒക്ടോബർ 11 ന് യുകെ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഐക്യകണ്ഠേനയാണ് ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്.
2014-ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വവര്‍ഗ്ഗാനുരാഗിയും എല്‍ജിബിറ്റി അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗാരെത് ലീ എന്ന വ്യക്തി “സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്നു” എന്ന സന്ദേശത്തോട് കൂടിയ ഒരു കേക്ക് നിര്‍മ്മിക്കുവാന്‍ ആഷേഴ്സ് കമ്പനിയില്‍ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു. വഴക്ക് ഒഴിവാക്കുവാന്‍ ബേക്കറി മാനേജറിന്റെ അമ്മ ഓര്‍ഡര്‍ സ്വീകരിച്ചുവെങ്കിലും പിന്നീട് രണ്ടുദിവസത്തിനുശേഷം ആഷേഴ്സ് പ്രസ്തുത ഓര്‍ഡര്‍ റദ്ദാക്കി. തുടര്‍ന്നു യുകെ ഇക്വാളിറ്റി കമ്മീഷന്‍ ഗാരെത് ലീയുടെ പക്ഷം പിടിച്ചുകൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.
കമ്പനി കേക്ക് നിരസിച്ചത് താന്‍ എന്തോ കുറവുള്ള ഒരാളാണെന്ന ഒരു മനോഭാവം തന്നില്‍ ഉളവാക്കിയെന്ന്‍ ലീ വാദിച്ചപ്പോള്‍ കസ്റ്റമര്‍ കാരണമല്ല, കേക്കില്‍ പറഞ്ഞിരിക്കുന്ന സന്ദേശം കാരണമാണ് തങ്ങള്‍ ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതെന്ന് ബേക്കറിയുടമയും വാദിച്ചു. 500 പൗണ്ട് പിഴയായി വിധിച്ചതിനെ തുടര്‍ന്നാണ് ആഷേഴ്സ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. നിയമപോരാട്ടത്തിനായി ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാരിറ്റിയും ആഷേഴ്സ് കമ്പനിയെ കേസില്‍ സഹായിച്ചു. കേസിനായി ഏതാണ്ട് 2 ലക്ഷം പൗണ്ട് ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചിലവഴിച്ചപ്പോള്‍, രണ്ടര ലക്ഷം പൗണ്ടാണ് ഗാരെത് ലീക്ക് വേണ്ടി ഇക്വാളിറ്റി കമ്മീഷന്‍ ചിലവഴിച്ചത്.
മക്ആര്‍തേഴ്സ് ബേക്കിംഗ് കമ്പനി രാഷ്ട്രീയവും, ലിംഗപരവുമായ മുന്‍വിധികളോട് കൂടി ഒരു ഉപഭോക്താവിനോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേക്ക് ആവശ്യപ്പെട്ടത് ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെങ്കിലും, കേക്ക് നല്‍കാനാവില്ല എന്ന് ആഷേഴ്സ് ബേക്കിംഗ് കമ്പനി നിലപാടെടുത്തത് കസ്റ്റമര്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് കരുതിയിട്ടല്ല മറിച്ച്, സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ക്കുന്ന തങ്ങളുടെ മതപരമായ നിലപാടിനെ മാനിച്ചാണെന്ന് വിധിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ആഷേഴ്സ് കമ്പനി ഉടമകളിലൊരാളായ ഡാനിയല്‍ മക് ആര്‍തര്‍ പറഞ്ഞു