ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന് 9 ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ തടവില്‍

Apr 22, 2022 - 19:42
 0

ഈജിപ്തില്‍ സംശയകരമായ അഗ്നിബാധയെ തുടര്‍ന്ന്‍ തകര്‍ന്ന ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിച്ചതിന് തടവിലാക്കപ്പെട്ട ഒന്‍പത് ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും മോചനം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 2016-ല്‍ മിന്യാ പ്രവിശ്യയിലെ എസ്ബേത്ത് ഫരാഗ് അല്ലാ ഗ്രാമത്തിലെ സെന്റ്‌ ജോസഫ് ആന്‍ഡ്‌ അബു സെഫെയിന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തിന് അവിചാരിതമായുണ്ടായ തീപിടുത്തത്തില്‍ കേടുപാടുകള്‍ പറ്റിയിരുന്നു. മേഖലയിലെ എണ്ണൂറോളം ക്രൈസ്തവരുടെ ആശ്രയമായിരുന്ന ഈ ദേവാലയത്തിന് മനപ്പൂര്‍വ്വം ആരോ തീ കൊളുത്തിയതാണെന്ന ആശങ്ക അക്കാലത്ത് ശക്തമായിരുന്നു.

ഇതിനിടെ ദേവാലയ കെട്ടിടം പൊളിച്ചു കളയുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നല്‍കിയിരിന്നില്ല. ഇതില്‍ പ്രതിഷേധവും ശക്തമായിരിന്നു. ഇക്കഴിഞ്ഞ ജനുവരി 30-നാണ് പ്രദേശവാസികളായ ഒന്‍പത് ക്രൈസ്തവരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നത്. അബാനൗബ് മഗ്ദി സെമാന്‍, ഗെര്‍ജെസ് സമീര്‍ ഗെര്‍ജെസ്, ജൈദ് സാദ് സെക്രി, മിലാദ് മഹ്രൂസ് തൌഫിക്, മിലാദ് രേദാ തൌഫിക് അയ്യാദ്, മിനാ സാലിബ് ഹോസ്നി, മൌനിര്‍ സമീര്‍ മൌനിര്‍, റെയ്മണ്ട് മാംദൌ വില്ല്യം, ഷെനൗദാ സാലിബ് ഹോസ്നി എന്നിവരാണ്‌ തടവില്‍ കഴിയുന്ന ക്രൈസ്തവര്‍. തീവ്രവാദം, പൊതുസമാധാനത്തിന് ഭീഷണിയായ ഒത്തുകൂടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

പൊതു അധികാരികളെ ബാധിക്കുന്ന ഒത്തുകൂടല്‍ സംഘടിപ്പിച്ചു എന്ന കുറ്റവും മാര്‍ക്കോ സമീര്‍ എന്നറിയപ്പെടുന്ന മൌനിര്‍ സമീര്‍ മൌനിറിന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ദേവാലയ നിര്‍മ്മാണത്തിനുള്ള അപേക്ഷ ലഭിച്ച് നാലുമാസത്തിനുള്ള പ്രതികരണം നല്‍കിയിരിക്കണമെന്നാണ് 2016-ല്‍ പാസ്സാക്കിയ ‘ചര്‍ച്ച് ബില്‍ഡിംഗ്‌ ലോ 60’തില്‍ പറയുന്നത്. എന്നാല്‍ ഇത് യാതൊരു കാരണവും കൂടാതെ വൈകിപ്പിക്കുകയായിരിന്നു. മനപ്പൂര്‍വ്വവും, അന്യായവുമായ കാലതാമസമാണിതെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ “ഇനീഷ്യെറ്റീവ് ഫോര്‍ പെഴ്സണല്‍ റൈറ്റ്സ്” പറയുന്നു.

ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട “തീവ്രവാദ” ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിട്ടുണ്ട്. തടവിലാക്കപ്പെട്ടവരെ സംബന്ധിച്ചു കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിവരവും കൈമാറിയിട്ടില്ലെന്നും, കണ്ണുകെട്ടി കയ്യാമം വെച്ച് മനുഷ്യത്വരഹിതമായിട്ടാണ് ഇവരെ ചോദ്യം ചെയ്തതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. പ്രതിഷേധം സംഘടിപ്പിച്ചവരെയും, പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തവരേയും കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ 2016-ല്‍ അയവുവരുത്തിയെങ്കിലും, ദേവാലയ നിര്‍മ്മാണ, പുനര്‍നിര്‍മ്മാണ അപേക്ഷകളില്‍ ഭൂരിഭാഗവും തള്ളപ്പെടുകയാണ് പതിവ്. ഈജിപ്തിലെ മതസ്വാതന്ത്ര്യം അല്‍പ്പം ഭേദപ്പെട്ടിട്ടുണ്ടെന്ന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളില്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയ സാഹചര്യം തന്നെയാണ്. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനത്തോളം കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0