ചൈനയില്‍ മതപീഡനത്തിന് പുതിയ മുഖം: ക്രൈസ്തവര്‍ ദേവാലയത്തില്‍ പോകുന്നതിന് മുന്‍പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

A new face for religious persecution in China: Christians must register on the app before going to church

Mar 14, 2023 - 18:22
 0
ചൈനയില്‍ മതപീഡനത്തിന് പുതിയ മുഖം: ക്രൈസ്തവര്‍ ദേവാലയത്തില്‍ പോകുന്നതിന് മുന്‍പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ട നിയമം വരികയാണെന്ന മുന്നറിയിപ്പുമായി പ്രമുഖ മനുഷ്യാവകാശ സംഘടന. ദേവാലയങ്ങളിലും, മോസ്കുകളിലും, ബുദ്ധക്ഷേത്രങ്ങളിലും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുന്‍പ് വിശ്വാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഓണ്‍ലൈന്‍ സംവിധാനം ഹെനാന്‍ പ്രവിശ്യാ ഗവണ്‍മെന്റിന്റെ മതകാര്യവിഭാഗം തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ചൈന എയിഡ്’ എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹെനാന്‍ പ്രവിശ്യയിലെ എത്ത്നിക്ക് ആന്‍ഡ് റിലീജിയസ് അഫയേഴ്സ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത “സ്മാര്‍ട്ട് റിലീജിയന്‍” എന്ന ആപ്പ് വഴിയാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. അപേക്ഷകര്‍ തങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഗവണ്‍മെന്റ് ഐഡി നമ്പര്‍, സ്ഥിരതാമസ വിലാസം, തൊഴില്‍, ജനനതിയതി തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ‘കോവിഡ്-19’ നിയന്ത്രണത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍, ആരാധനാലയത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം കിട്ടുന്നവര്‍ തങ്ങളുടെ താപനില എടുത്തിരിക്കണമെന്നും, റിസര്‍വേഷന്‍ കോഡ് കാണിക്കണമെന്നും വ്യവസ്ഥയുണ്ട്. മതത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗവും, രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള നടപടിയുമാണിതെന്നു ചൈന എയിഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

ഹെനാന്‍ പ്രവിശ്യ പാര്‍ട്ടി കമ്മിറ്റി അംഗവും, യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് തലവനുമായ സാങ്ങ് ലെയിമിംഗ്, മതങ്ങളെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് എത്നിക്ക് ആന്‍ഡ് റിലീജിയസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ‘ഹെനാന്‍ ഡെയിലി’യുടെ റിപ്പോര്‍ട്ട്. 2012-ലെ സര്‍വ്വേപ്രകാരം ചൈനയിലെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള പ്രവിശ്യകളിലൊന്നാണ് മധ്യകിഴക്ക് ഭാഗത്തുള്ള ഹെനാന്‍ പ്രവിശ്യ. 6% ക്രൈസ്തവരാണ് ഇവിടെയുള്ളത്. 9.8 കോടി ജനങ്ങളുള്ള ഹെനാന്‍ പ്രവിശ്യയിലെ ആളുകളില്‍ 13%വും ഏതെങ്കിലും ഒരു സംഘടിത മതത്തില്‍ വിശ്വസിക്കുന്നവരാണെന്നും സര്‍വ്വേയില്‍ പറയുന്നു.