ഇറാനിലെ ക്രൈസ്തവ വിരുദ്ധത തുടരുന്നു: 7 ക്രൈസ്തവര്‍ക്ക് മൊത്തം 32 വര്‍ഷത്തെ തടവു ശിക്ഷ

യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരെ അന്യായമായി തടവിലാക്കുന്നത് ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ വീണ്ടും പതിവാകുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 7ന് മൊത്തം 32 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഏഴ് ക്രൈസ്തവര്‍ക്കായി ഇറാന്‍ കോടതി വിധിച്ചിരിക്കുന്നത്. ഇതില്‍ ഒരു ഇറാനിയന്‍-അര്‍മേനിയന്‍ വചനപ്രഘോഷകനാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്.

Jun 21, 2022 - 17:55
 0

യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരെ അന്യായമായി തടവിലാക്കുന്നത് ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ വീണ്ടും പതിവാകുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 7ന് മൊത്തം 32 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഏഴ് ക്രൈസ്തവര്‍ക്കായി ഇറാന്‍ കോടതി വിധിച്ചിരിക്കുന്നത്. ഇതില്‍ ഒരു ഇറാനിയന്‍-അര്‍മേനിയന്‍ വചനപ്രഘോഷകനാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്. കോടതി വിധി അനുസരിച്ച് ഇദ്ദേഹത്തിന് 10 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും. ജയില്‍ വാസത്തിന് ശേഷം തെക്ക്-കിഴക്കന്‍ ഇറാനിലെ വിദൂര മേഖലയിലേക്ക് രണ്ടു വര്‍ഷത്തെ നാടുകടത്തലും, അന്താരാഷ്ട്ര യാത്രകളില്‍ നിന്നും രണ്ടു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരിക്കും പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതം.

അര്‍മേനിയന്‍ (ഇറാനില്‍ ക്രൈസ്തവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന വംശീയ വിഭാഗം) എന്ന് സ്വയം കരുതുന്ന ഈ വ്യക്തി നിരവധി തവണ വിദേശ യാത്രകള്‍ നടത്തുകയും, തുര്‍ക്കിയിലെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കുകയും, മുസ്ലീങ്ങളെ ആകര്‍ഷിക്കുന്നതിനായി ഒരു സംഘത്തെ രൂപപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസില്‍ ആരോപിക്കുന്നത്. പ്രാര്‍ത്ഥന ശുശ്രൂഷകളുടെ പേരില്‍ ഇദ്ദേഹം ക്രിസ്തു വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഇതില്‍ ആകര്‍ഷിക്കപ്പെട്ട ചിലരെ തങ്ങളുടെ സംഘത്തില്‍ അംഗമാക്കുകയും ചെയ്തുവെന്ന് കോടതി വിധിയില്‍ പറയുന്നു. ഇദ്ദേഹത്തിനൊപ്പം രണ്ടു പരിവര്‍ത്തിത ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും 6 വര്‍ഷം വീതം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പുറമേ, ആരാധനയില്‍ പങ്കെടുത്ത കുറ്റത്തിന് 4 പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് 1 മുതല്‍ 4 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 800 ഡോളര്‍ മുതല്‍ 1,250 ഡോളര്‍ വരെ പിഴ ഒടുക്കിയാല്‍ ഇവര്‍ക്ക് ജയില്‍ വാസം ഒഴിവാക്കാം. മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നതിനായി ഉണ്ടാക്കിയിരിക്കുന്ന അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്ന രാഷ്ട്രമായിട്ടുകൂടി ഇറാനില്‍ പതിവായിക്കൊണ്ടിരിക്കുന്ന ഇത്തരം കേസുകള്‍ സൂചിപ്പിക്കുന്നത് രാജ്യാത്തെ മതസ്വാതന്ത്ര്യം നേരിടുന്ന ഭീകരമായ വെല്ലുവിളി തന്നെയാണ്. ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നത് രാഷ്ട്ര സുരക്ഷക്കെതിരേയുള്ള പ്രവര്‍ത്തിയായിട്ടാണ് ഇറാനില്‍ കണക്കാക്കപ്പെടുന്നത്. ജയിലില്‍ കഴിയുന്ന ക്രൈസ്തവരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ശാരീരികവും, മാനസികവുമായ കടുത്ത പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 10-ന് 8 തടവുകാരുടെ വിരലുകള്‍ മുറിച്ചു കളയുവാന്‍ ജയില്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഉദാഹരണമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി . ചമ്മട്ടി അടി, കല്ലെറിയല്‍, കുരിശില്‍ തറക്കല്‍ പോലെയുള്ള ശിക്ഷാ വിധികള്‍ക്ക് ഇറാനിലെ ഇസ്ലാമിക പീനല്‍ കോഡ് അനുവാദം നല്‍കുന്നുണ്ട്. ഇറാന്‍ ലോകത്തെ ഏറ്റവും കൊടിയ മതപീഡനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായിട്ടു പോലും ആയിരങ്ങളാണ് ഓരോ വര്‍ഷവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0