ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുന്നു :വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ

British Christians face persecution and discrimination for their Christian faith report by Voice for Justice UK

Jun 18, 2024 - 10:05
Jun 18, 2024 - 10:05
 0
ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുന്നു :വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുകയാണെന്ന് പുതിയ റിപ്പോർട്ട്. ക്രിസ്ത്യൻ ഗ്രൂപ്പായ വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ പുറത്തിറക്കിയ  റിപ്പോര്‍ട്ട് പ്രകാരം 56 ശതമാനം പേർ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്താൽ ശത്രുതയും പരിഹാസവും അനുഭവിക്കുമെന്ന് വെളിപ്പെടുത്തി. ഇത് യുവാക്കളിൽ 61 ശതമാനമായി ഉയർന്നു. 1,562 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയായിരിന്നു ഫലം. ക്രൈസ്തവ വിശ്വാസമാണ് ബ്രിട്ടീഷ് സമൂഹത്തിൻ്റെ അടിത്തറയെന്നു വോയ്സ് ഫോർ ജസ്റ്റിസിൻ്റെ ഡയറക്ടർ ലിൻഡ റോസ് പറഞ്ഞു.

നമ്മുടെ സഹിഷ്ണുതയ്ക്കും വൈവിധ്യത്തോടുള്ള സ്വീകാര്യതയ്ക്കും അടിവരയിടുന്നതാണിത്. എന്നാൽ തങ്ങളുടെ സർവേ കാണിക്കുന്നത് യുകെയിലെ ക്രൈസ്തവര്‍, ജോലിസ്ഥലത്തും സാമൂഹികമായും, വിവേചനത്തിനും പാർശ്വവൽക്കരണത്തിനും കൂടുതൽ വിധേയരാകുന്നുവെന്നാണ്. ഇത് ഖേദകരമാണ്. ക്രൈസ്തവ വിശ്വാസത്തോട് സജീവമായി ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സമൂഹം ഇരയായി മാറിയിരിക്കുന്നു. നമ്മുടെ സഹിഷ്ണുതയും സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കിൽ ക്രിസ്തീയ വിശ്വാസത്തെ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും ലിൻഡ കൂട്ടിച്ചേര്‍ത്തു.

നമ്മൾ നിസ്സാരമായി കാണുന്ന പല മൂല്യങ്ങളുടെയും അടിസ്ഥാനശിലയാണ് ക്രിസ്തീയ വിശ്വാസമെന്ന് 2019-ൽ കൺസർവേറ്റീവ് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിക്ക് ഫ്ലെച്ചർ പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഇല്ലായിരുന്നെങ്കിൽ നമ്മുടെ സഹിഷ്ണുത, വൈവിധ്യം, മനസ്സാക്ഷി, അയൽക്കാരോടുള്ള സ്‌നേഹം എന്നിവയെല്ലാം ഭൂതകാലമായി മാറുമായിരിന്നു. സമൂഹത്തിൽ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആക്രമണം കൂടുതൽ ദുഷിച്ച ഒന്നായി മാറുന്നതിന് മുമ്പ് നാമെല്ലാവരും ഉണരേണ്ടതുണ്ടെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.