ഈജിപ്തില്‍ ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി; നീതി തേടി പിതാവിന്റെ പോരാട്ടം

Christian girl kidnapped and converted to Islam in Egypt; Her father's struggle for justice

Mar 19, 2024 - 21:19
 0
ഈജിപ്തില്‍ ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി;  നീതി തേടി പിതാവിന്റെ പോരാട്ടം

ഈജിപ്തില്‍ മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതർ സഹായം ചെയ്തുവെന്ന ആരോപണവുമായി കോപ്റ്റിക് സഭാംഗമായ പിതാവ് രംഗത്ത് എത്തി. അസ്യൂത് നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന 21 വയസ്സുള്ള അയറിൻ ഇബ്രാഹിം ജനുവരി 22-നാണ് പരീക്ഷ ദിവസങ്ങള്‍ക്കിടെ അപ്രത്യക്ഷയാകുന്നത്. ഗേറ്റ്സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റെയ്മണ്ട് ഇബ്രാഹിമാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആദ്യമായി പുറത്തുവിട്ടത്. ഫെബ്രുവരിയില്‍ കരഞ്ഞുകൊണ്ട് പെൺകുട്ടി സഹോദരന് ഫോൺ ചെയ്തതായി പിതാവ് വെളിപ്പെടുത്തി.

താൻ ഇപ്പോൾ എവിടെയാണെന്ന് വെളിപ്പെടുത്തിയ പെൺകുട്ടി തന്നെ രക്ഷിക്കണമെന്നും അല്ലായെങ്കിൽ താൻ മരിച്ചുവെന്ന് കരുതിയാൽ മതിയെന്നും സഹോദരനോട് പറഞ്ഞു. ഇതിനിടയിൽ ഒരാൾ ആക്രോശിച്ചുകൊണ്ട് ഫോൺ വാങ്ങി കട്ട് ചെയ്തു. അയറിനെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലാക്കിയ കുടുംബം, അവൾ സോഹാജ് നഗരത്തിലാണ് ഉള്ളതെന്ന വിവരത്തിന്മേൽ അവിടുത്തെ പോലീസ് സ്റ്റേഷനിൽ ചെന്ന് വിശദാംശങ്ങൾ പറഞ്ഞു. എന്നാൽ തട്ടിക്കൊണ്ടുപോയവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഫെബ്രുവരി 21നു അയറിനെ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാറ്റിയെന്ന് ഉദ്യോഗസ്ഥർ കുടുംബത്തോട് പറഞ്ഞു. അസ്യൂത് ഗവർണറേറ്റിലെ മുസ്ലിം ബ്രദർഹുഡ് ശരിയത്ത് അസോസിയേഷൻ എന്ന സംഘടനയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഒരാൾ വെളിപ്പെടുത്തി. പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഒരാളുടെ മേൽ കുറ്റം ചുമത്തിയെങ്കിലും, പെൺകുട്ടിയുടെ കുടുംബത്തോട് മോശം പെരുമാറ്റമാണ് സുരക്ഷാ വിഭാഗം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റെയ്മണ്ട് ഇബ്രാഹിം പറഞ്ഞു. അയറിൻ സ്വന്തം ഇഷ്ടപ്രകാരം ഒരു മുസ്ലിം വ്യക്തിയോടൊപ്പം ഒളിച്ചോടി പോയതാണെന്നാണ് പോലീസ് വാദം. എന്നാല്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വിളിച്ച് പറഞ്ഞ കാര്യം എങ്ങനെ സംഭവിച്ചുവെന്ന മറുവാദം മാതാപിതാക്കളും ഉന്നയിക്കുന്നു.

ഓടിപ്പോകാൻ ആയിരുന്നുവെങ്കിൽ പരീക്ഷകൾ നടക്കുന്നതിനിടയിൽ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ പോലും എടുക്കാതെ കയ്യിലുള്ള ചികിത്സാ സംബന്ധമായ വസ്തുക്കൾ മാത്രം കൊണ്ട് എന്തിനാണ് പെൺകുട്ടി പോയതെന്ന് പിതാവ് ചോദ്യം ഉന്നയിച്ചു. പെൺകുട്ടി എവിടെയാണെന്ന് അധികൃതർക്ക് അറിയാമെങ്കിലും അവർ അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി കുടുംബത്തെ അവർ കബളിപ്പിക്കുകയാണെന്നും ഇബ്രാഹിം പറഞ്ഞു.

കോപ്റ്റിക്ക് സോളിഡാരിറ്റി എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മനുഷ്യക്കടത്തിന് സമാനമായ ഇതുപോലത്തെ അഞ്ഞൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പോലും അധികൃതര്‍ തയാറാകുന്നില്ലായെന്നും ആരോപണമുണ്ട്. ജനസംഖ്യയുടെ 85-95% സുന്നി മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ ജനസംഖ്യയുടെ 5-15% ആണ് കോപ്റ്റിക് ക്രൈസ്തവര്‍.