അമേരിക്കയില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റിനു ഇരയായവര്‍ക്ക് സഹായവുമായി ക്രിസ്ത്യന്‍ സംഘടന

അമേരിക്കയിലെ ആറോളം സംസ്ഥാനങ്ങളില്‍ കനത്ത നാശം നഷ്ടം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിനിരയായവര്‍ക്ക് ആശ്വാസമായി ഇവാഞ്ചലിക്കല്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സ്.

Dec 14, 2021 - 21:03
Dec 14, 2021 - 21:14
 0
അമേരിക്കയില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റിനു ഇരയായവര്‍ക്ക് സഹായവുമായി ക്രിസ്ത്യന്‍ സംഘടന

അമേരിക്കയിലെ ആറോളം സംസ്ഥാനങ്ങളില്‍ കനത്ത നാശം നഷ്ടം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിനിരയായവര്‍ക്ക് ആശ്വാസമായി ഇവാഞ്ചലിക്കല്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ അര്‍ക്കന്‍സാസ്, കെന്റകി എന്നീ സംസ്ഥാനങ്ങളിലേക്ക് അവശ്യ സാധനങ്ങളുമായി തങ്ങളുടെ ദുരിതാശ്വാസ സംഘങ്ങളെ അയച്ചു കഴിഞ്ഞതായി സമരിറ്റന്‍ പഴ്സ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്‌, കെന്റക്കി, മിസ്സൌറി, മിസിസ്സിപ്പി, ടെന്നസ്സി എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ കനത്ത നാശം വിതച്ചത്.

ചുഴലിക്കാറ്റില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിട്ടാണ് ചുഴലിക്കാറ്റിനെ വിലയിരുത്തുന്നത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതിന് പുറമേ നിരവധി വീടുകളും, കമ്പനികളും തകര്‍ന്നിട്ടുണ്ട്. ഒരു വാഹനം നിറയെ ഉപകരണങ്ങളും അവശ്യ സാധനങ്ങളുമായി ദുരിതാശ്വാസ കര്‍മ്മ സേനയെ അര്‍ക്കന്‍സാസിലേക്ക് അയച്ചു കഴിഞ്ഞുവെന്നും അടുത്ത കര്‍മ്മ സേനയെ കെന്റക്കിയിലേക്ക് ഉടനെ അയക്കുമെന്നും തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ ഇരു സംസ്ഥാനങ്ങളിലും എത്തികഴിഞ്ഞുവെന്നും സമരിറ്റന്‍ പഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഡിസംബര്‍ 10-11 തിയതികളിലായി ഒന്നിന് പിറകെ ഒന്നായി വീശിയടിച്ച ക്വാഡ്-സ്റ്റേറ്റ് ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റ് അര്‍ക്കന്‍സാസില്‍ ഉത്ഭവിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു. ഏതാണ്ട് 200-മൈലുകളോളമാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിതച്ചത്.