യുദ്ധഭൂമിയില്‍ കണ്ണീര്‍ തുടച്ച് ക്രിസ്ത്യന്‍ സംഘടന: 15 ടണ്ണോളം അവശ്യ സാധനങ്ങളുമായി സമരിറ്റന്‍ പേഴ്സിന്റെ വിമാനം നാലാമതും യുക്രൈനിലേക്ക്

യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതക്കുള്ള മരുന്നുകളും അടിയന്തര സാധനങ്ങളുമായി ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സിന്റെ ഡിസി-8 വിമാനം നാലാമതും യാത്ര തിരിച്ചു.

Mar 23, 2022 - 18:56
Mar 23, 2022 - 18:57
 0
യുദ്ധഭൂമിയില്‍ കണ്ണീര്‍ തുടച്ച് ക്രിസ്ത്യന്‍ സംഘടന: 15 ടണ്ണോളം അവശ്യ സാധനങ്ങളുമായി സമരിറ്റന്‍ പേഴ്സിന്റെ വിമാനം നാലാമതും യുക്രൈനിലേക്ക്

യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതക്കുള്ള മരുന്നുകളും അടിയന്തര സാധനങ്ങളുമായി ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സിന്റെ ഡിസി-8 വിമാനം നാലാമതും യാത്ര തിരിച്ചു. യുക്രൈനിലെ ആശുപത്രികളില്‍ മരുന്നുകളുടെയും അവശ്യ സാധനങ്ങളുടെയും ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബാന്‍ഡേജുകള്‍, ഐ.വി ഉപകരണങ്ങള്‍, ആന്റിസെപ്റ്റിക് സൊലൂഷന്‍സ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, അസ്ഥികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ 15 ടണ്ണോളം വരുന്ന സാധനങ്ങളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്. പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അഭയാര്‍ത്ഥികള്‍ക്കു അത്യാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്.

ലിവിവ് നഗരത്തിനു പുറത്തായി 58 കിടക്കകളോടു കൂടിയ സുസജ്ജമായ ഫീല്‍ഡ് ഹോസ്പിറ്റലും, നഗരകേന്ദ്രത്തിലുള്ള ട്രെയിന്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കും സമരിറ്റന്‍ പഴ്സ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, തെക്കന്‍ യുക്രൈനില്‍ ദിവസവും ഇരുനൂറോളം പേര്‍ക്ക് അടിയന്തിര വൈദ്യ സഹായം നല്‍കുവാന്‍ കഴിവുള്ള ഒരു എമര്‍ജന്‍സി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കും തുറന്നിട്ടുണ്ട്. പ്രാഥമിക ചികിത്സ, മൈനര്‍ ട്രോമാ കെയര്‍, ശിശുക്കള്‍ക്ക് വേണ്ട അടിസ്ഥാന ചികിത്സകള്‍, പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സ, അവശ്യ മരുന്നുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ക്ലിനിക്കില്‍ ഉണ്ട്. ഇവക്കെല്ലാം ഉപരിയായി, പ്രസവത്തിനും, പ്രസവാനന്തര പരിചരണത്തിനുമുള്ള സൗകര്യങ്ങളും സമരിറ്റന്‍ പേഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റലുകളില്‍ ഒരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, തങ്ങളുടെ പങ്കാളികളുടെ സഹകരണത്തോടെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട ശുചീകരണ സാമഗ്രികളും, പുതപ്പുകളും സമരിറ്റന്‍ പഴ്സ് വിതരണം ചെയ്യുന്നുണ്ട്. വേദനിക്കുന്നവരെ യേശുവിന്റെ നാമത്തില്‍ പരിചരിക്കുവാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് സമരിറ്റന്‍ പേഴ്സിന്റെ ഈ സഹായങ്ങള്‍ ശക്തിപകരുമെന്നു ലിവിവിലെ വചനപ്രഘോഷകനായ അലെക്സ് പറഞ്ഞു. സമരിറ്റന്‍ പേഴ്സ് കൊണ്ടുവന്ന സാധനങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ സാധനങ്ങളാണെന്നും, ബാക്കി യാത്രയില്‍ അവര്‍ക്കു അത് ഉപകരിക്കുമെന്നും അലെക്സ് പറഞ്ഞു.

അഭയാര്‍ത്ഥികള്‍ തങ്ങളോടു സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും, ദൈവമാണ് സമരിറ്റന്‍ പേഴ്സിനെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.