യെമനില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡകള്‍ വിവരിച്ച് ക്രൈസ്തവ വനിത

Christian woman describes the persecution faced by Christians in Yemen

Sep 27, 2024 - 10:24
 0
യെമനില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡകള്‍ വിവരിച്ച് ക്രൈസ്തവ വനിത

യെമനില്‍ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പല സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്നതായി വെളിപ്പെടുത്തല്‍. 1980-കളിൽ ജനിച്ച് ഏദനിൽ താമസിക്കുന്ന ബദർ എന്ന യെമനി  വനിത, കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷ വാർത്താ പങ്കാളിയായ 'എസിഐ മെന'യുമായി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1994ന് മുമ്പ് വരെ ക്രൈസ്തവര്‍ സ്‌കൂളുകളിൽ വിദ്യാഭ്യാസത്തിനും ഗവണ്‍മെന്‍റ് ജോലിക്കുമുള്ള അവകാശം നിലനിർത്തിയിരുന്നുവെന്ന് അവര്‍ പറയുന്നു.

സ്ത്രീകൾക്ക് അവരുടെ ഇഷ്ടം പോലെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു, മതപരമായ തലത്തിൽ മസ്ജിദുകൾ പോലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാർത്ഥിക്കാൻ അവസരമുണ്ടായിരിന്നു. വിദേശ വൈദികർക്ക് വിസയും താമസ പദവിയും സംസ്ഥാനം നൽകി. മതം മാറാൻ ആരും തങ്ങളെ നിർബന്ധിച്ചിട്ടില്ല. തെക്കു പടിഞ്ഞാറൻ അറേബ്യയിലെയും പ്രത്യേകിച്ച് യെമനിലെ തുറമുഖ നഗരമായ ഏദനിലെയും ക്രൈസ്തവര്‍ക്ക് നാലാം നൂറ്റാണ്ടിൽ ആഴത്തിൽ വേരൂന്നിയ ചരിത്രമുണ്ട്. എന്നാൽ, മുസ്‌ലിം ബ്രദർഹുഡ് അധികാരത്തിലെത്തിയതോടെ അതെല്ലാം മാറിയെന്നും ബദർ പറയുന്നു.

1994 ന് ശേഷം അധികാരികൾ യെമനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിച്ചു. അവർ ക്രിസ്ത്യാനികൾ എന്ന ഐഡൻ്റിറ്റി ഇല്ലാതാക്കാന്‍ ശ്രമിച്ചു. രേഖകളിൽ 'ക്രിസ്ത്യൻ' എന്ന് എഴുതാൻ വിസമ്മതിച്ചു. ക്രൈസ്തവര്‍ക്ക് ഒന്നുകിൽ 'മുസ്ലിം' എന്ന് എഴുതണം അല്ലെങ്കിൽ ആ ഭാഗം ശൂന്യമാക്കി ഇടണം. അവർ ഞങ്ങളെ ‘ബ്രിട്ടീഷ് കൊളോണിയലിസത്തിൻ്റെ അവശിഷ്ടങ്ങൾ’ ആണെന്ന് കുറ്റപ്പെടുത്തി. മതം മാറാൻ അധ്യാപകർ തന്നെ നിർബന്ധിക്കുകയും ദിവസവും ഖുറാൻ വായിക്കാൻ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തു. പ്രാർത്ഥിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടതിന് ശേഷം ഞങ്ങൾ കന്യാസ്ത്രീകളുടെ മഠത്തിൽ രഹസ്യമായി പ്രാർത്ഥിക്കാൻ തുടങ്ങി.

“നിർഭാഗ്യവശാൽ, എല്ലാ കന്യാസ്ത്രീകളും പിന്നീട് കൊല്ലപ്പെട്ടു. വൈദികനെ തട്ടിക്കൊണ്ടുപോയി. പള്ളികൾ കൊള്ളയടിക്കപ്പെട്ടു, ചിലത് നശിപ്പിക്കപ്പെട്ടു. ഞങ്ങൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരായി. ക്രിസ്മസ്, പുതുവത്സര രാവ് എന്നിവയിൽ അർദ്ധരാത്രി വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതില്‍ നിന്ന് സർക്കാർ ഞങ്ങളെ ഔദ്യോഗികമായി വിലക്കി. ക്രൈസ്തവര്‍ ഈ സാഹചര്യം അംഗീകരിച്ചു നല്‍കാന്‍ തുടങ്ങി. ആരും ശബ്ദം ഉയർത്തിയില്ല. ചിലർ പലായനം ചെയ്തു, മറ്റു ചിലർ വീടും ജോലിയും നഷ്ടപ്പെടുമെന്ന ഭയത്താൽ മതം മാറി. പലരും അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയായിരിന്നുവെന്നും ഈ സ്ത്രീ പറയുന്നു. യെമനിലെ ക്രൈസ്തവര്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ 1% ൽ താഴെ മാത്രമാണ് രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം.