മണിപ്പൂരിലെ പീഡിത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ
Christians in Assam express solidarity with the oppressed community of Manipur
രണ്ടുമാസത്തോളമായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങളുടെ ഇരകളായി മാറിയ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ. ജൂൺ 24നു പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ദ ആസാം ക്രിസ്ത്യൻ ഫോറം ( The Assam Christian Forum) തങ്ങളുടെ നയം വ്യക്തമാക്കിയത്. കൊലപാതകങ്ങളും, അക്രമ സംഭവങ്ങളും അവസാനിക്കാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. വിവിധ വിഭാഗങ്ങൾ തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങി പോകാനും, കുട്ടികൾക്ക് പഠനം പുനഃരാരംഭിക്കാനും, ആളുകൾക്ക് ജോലിക്ക് പോകാനും സാധാരണ നിലയിലേക്ക് സംസ്ഥാനം തിരികെ വരുന്നതിനു വേണ്ടി ആഗ്രഹിക്കുകയാണെന്ന് ക്രൈസ്തവ പ്രതിനിധികൾ പ്രസ്താവിച്ചു.
രാജ്യത്തെ ആഭ്യന്തരമന്ത്രി സംസ്ഥാനത്ത് സന്ദർശനം നടത്തിയതിനുശേഷം അക്രമ സംഭവങ്ങൾ അവസാനിക്കുമെന്നാണ് മണിപ്പൂരിലെ ജനങ്ങൾ കരുതിയതെന്നും എന്നാൽ നേരത്തെ ഉണ്ടായിരുന്ന സാഹചര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്കു വേണ്ടിയും, ഭവനങ്ങൾ തകർക്കപ്പെട്ടവർക്ക് വേണ്ടിയും ആസാമിലെ ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നുവെന്നും, അവരുടെ വേദനകൾക്ക് നീതി ലഭിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. അക്രമ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദ ആസാം ക്രിസ്ത്യൻ ഫോറം ( The Assam Christian Forum) ആവശ്യപ്പെട്ടു.
സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കു ഉപരിയായി മനുഷ്യജീവന് വിലകൽപ്പിക്കണം. മണിപ്പൂരിൽ സമാധാനവും, സഹവർത്തിത്വവും പുലരുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചത് പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ കലാപത്തിന്റെ കാരണം കണ്ടെത്തി നിത്യമായ ഒരു പ്രശ്നപരിഹാരം സാധ്യമാകുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കാൻ സംസ്ഥാന, ദേശീയ സർക്കാരുകളോട് ക്രൈസ്തവ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം മണിപ്പൂരിലെ സ്ഥിതിഗതിയില്‍ ആശങ്ക ശക്തമാകുകയാണ്.