ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 1 കോടി 35 ലക്ഷം വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത്പ്രതി വിൽപനയ്ക്ക്

Nov 11, 2022 - 19:40
 0
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 1 കോടി 35 ലക്ഷം വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത്പ്രതി വിൽപനയ്ക്ക്

അന്താരാഷ്ട്ര പുസ്തകമേളയിൽ 1 കോടി 35 ലക്ഷം രൂപ വില വരുന്ന ബൈബിളിൻ്റെ കൈയെഴുത്ത് പ്രതി വിൽപനയ്ക്ക് വച്ചത് ഏറെ ശ്രദ്ധേയമായി.

ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലാണ് പത്താം നൂറ്റാണ്ടിൽ സിറിയയിൽ ഉപയോഗിച്ചിരുന്ന അറബി ഭാഷ ബൈബിൾ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സുവിശേഷങ്ങളുടെ പ്രതികൾ മാത്രം ഉള്ള ഈ ബൈബിൾ സിറിയയിലെ കലമുണിലെ ദയാർക്ക് പട്ടണ നിവാസികളായ ഓർത്തഡോക്സുകാർ ഉപയോഗിച്ചിരുന്നതായിട്ടാണ് ബൈബിൾ പഠനഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഈസ്റ്റർ മുതൽ വിശുദ്ധവാര ദിനങ്ങളിൽ പള്ളികളിൽ വായിക്കാൻ ഉപയോഗിച്ചിരുന്നതായും സന്യാസി സമൂഹങ്ങൾ ഈ ബൈബിൾ പകർത്തിയെഴുത്തിയിരുന്നതായും ചരിത്രമുണ്ട്.


പത്താം നൂറ്റാണ്ടിലുള്ള അറബിക് ഭാഷ രീതിയാണ് ബൈബിൾ കൈയെഴുത്തു പ്രതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നു മാത്രമല്ല ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടുള്ള കൈയെഴുത്തു പ്രതികളിൽ അവശേഷിക്കുന്ന അഞ്ചെണ്ണത്തിൽ ഒന്നാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ബൈബിളാണ് അറബിക്കിലേക്കു തർജമ ചെയ്ത് എഴുതിയിരിക്കുന്നത്. ആദ്യ സഹസ്രാബ്ദത്തിലോ പത്താം നൂറ്റാണ്ടിലോ വിവർത്തനം ചെയ്തതാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ സുറിയാനി ഭാഷയുടെ സ്വാധീനം വളരെ പ്രകടമാണ്.


തുകൽ, പുറംചട്ട എന്നിവയിൽ നിന്നും പേജുകളിലേക്ക് ആണി അടിച്ച് ചേർത്തുവെച്ചിട്ടുണ്ട്. ഈജിപ്തിലെ മമ്മികളുടെ ആവരണങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതെന്ന് കരുതുന്ന തുണി കൊണ്ടുള്ള ആവരണമാണ് ഇതിനുള്ളത്.

151 പേജുകൾ ഉള്ള ബൈബിളിൽ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ സുവിശേഷങ്ങളാണ് ഉള്ളത്. ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത പുസ്തക പ്രകാശന കമ്പിനയായ പീറ്റർ ഹരിങ്ട്ടൻ ആണ് ഈ ബൈബിൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

പുസ്തകോത്സവത്തിൽ ഇംഗ്ലീഷ് വിഭാഗത്തിലാണ് ഈ ബൈബിൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
വാക്കു പ്രചരിക്കട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട പുസ്തകോത്സവത്തിലേക്ക് 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് എത്തിച്ചേർന്നിട്ടുള്ളത്. മലയാളം അടക്കം 15 ലക്ഷത്തിലേറെ പുസ്തകങ്ങളുടെ സാന്നിധ്യമുള്ള ഇത്തവണത്തെ മേള ചരിത്രത്തിലെ ഏറ്റവും വലുതാണെന്ന സവിശേഷതയുമുണ്ട്.