ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കരുത്: റഷ്യയോടു അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ പ്രതിനിധികള്‍

Apr 22, 2022 - 19:40
 0
ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കരുത്: റഷ്യയോടു അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ പ്രതിനിധികള്‍

കഴിഞ്ഞ ഒരു മാസത്തിലേറെയായി നടന്നുവരുന്ന റഷ്യന്‍- യുക്രൈന്‍ യുദ്ധത്തിനിടയില്‍ ദേവാലയങ്ങളും, സിനഗോഗുകളും, മോസ്കുകളും ഉള്‍പ്പെടുന്ന യുക്രൈനിലെ മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതില്‍ ആശങ്കയുമായി പ്രമുഖ യൂറോപ്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ രംഗത്ത്. ഇത്തരം പ്രതിസന്ധിയുടേതായ സമയങ്ങളില്‍ മതപരമായ കെട്ടിടങ്ങള്‍ രാജ്യത്തെ വിവിധ മതസമൂഹങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ കാര്യമാണെന്ന്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മനുഷ്യാവകാശങ്ങള്‍ക്കും, ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന ‘കൗണ്‍സില്‍ ഓഫ് യൂറോപ്പ്’, ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ കോഓപ്പറേഷന്‍ ആന്‍ഡ്‌ സെക്യൂരിറ്റി’ (ഒ.എസ്.സി.ഇ) എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സംയുക്ത പ്രസ്താവന പുറത്തുവിട്ടു.

“സമാധാനപരമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ സംഘടനകളുടെ പ്രതിനിധികള്‍ എന്ന നിലയില്‍, ആത്മീയ കേന്ദ്രങ്ങളും, ആരാധനാലയങ്ങളും ആക്രമിച്ച് നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ റഷ്യയോട് ആവശ്യപ്പെടുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും, സാധാരണക്കാരായ പതിനായിരങ്ങളെ കൊന്നൊടുക്കുന്നതും മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തന്നെയാണ്”. യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ പ്രതിനിധികള്‍, ലക്ഷകണക്കിന് ആളുകളെ ഭവനരഹിതരാക്കിയ യുദ്ധത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്തു.

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ നൂറ്റിരണ്ടോളം ആത്മീയ-സാംസ്കാരിക കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക സംഘടനയായ യുനെസ്കോ ഇക്കഴിഞ്ഞ ഏപ്രില്‍ 14-ന് വ്യക്തമാക്കിയിരിന്നു. മതപരമായ 47 കെട്ടിടങ്ങള്‍, 9 മ്യൂസിയങ്ങള്‍, ചരിത്രപരമായ 28 കെട്ടിടങ്ങള്‍, മൂന്ന്‍ തിയേറ്ററുകള്‍, 12 സ്മാരകങ്ങള്‍, മൂന്ന്‍ ലൈബ്രറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സാംസ്കാരിക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ഇതുവരെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് യുനെസ്കോ പറയുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ്‌ സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ റഷ്യപദ്ധതിയിടുന്നതായി മാര്‍ച്ച് ആദ്യത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.