വിശ്വാസത്തെ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾക്ക് കഴിയില്ല: അഡ്വ. വി ഡി സതീശൻ
വിശ്വാസത്തെ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾക്ക് സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ കേരളാ യാത്രയുടെ സമാപന സമ്മേളനം
വിശ്വാസത്തെ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾക്ക് സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ കേരളാ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത്, ഗാന്ധിപാർക്കിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാനൂറോളം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടു. മിഷനറിമാർ ആക്രമിക്കപ്പെട്ടു. ക്രിസ്തുമസ് ആഘോഷങ്ങൾ പോലും അലങ്കോലമായി. ഉത്തരേന്ത്യയിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഭയപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ മതേതരത്വത്തിൻ്റെ അടിവേര് അറുക്കുന്ന പ്രവൃത്തികളാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്.
ഇന്ത്യൻ മതേതരത്വം പാശ്ചാത്യ മതേതര കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ്. അത് മതനിരാസമല്ല, എല്ലാവരെയും ചേർത്ത്പിടിക്കുന്ന( ഉ ക്കൊള്ളൽ) മതേതര ദർശനമാണ്. അതാണ് ഇന്ത്യ എന്ന ആശയം. ഫാസിസത്തെ ജനാധിപത്യപരമായി പ്രതിരോധിക്കാൻ കഴിയണം.കിഴക്കൻ യൂറോപ്പിൽ ആകമാനം ഭൗതീകവാദം ക്രൈസ്തവ ദർശനങ്ങളെ ഇല്ലാതാകാൻ ശ്രമിച്ചു. ഇന്ന് ഫാസിസം അത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പീഡനത്തിൻ്റെ കറുത്ത നാളുകളെ സഭ അതിജീവിച്ചു. ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റയിൻസിനെ കൊന്നിട്ടും ഇന്ത്യയിൽ സുവിശേഷം മരിച്ചില്ല.വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് സഭ ഇവിടെ വരെ എത്തിയത്. സഭയുടെ ചരിത്രം സഹസീകമാണ് .
ആത്മീയമായ ഊർജ്ജം സമാഹരിച്ച്, പരിശുദ്ധാത്മാവിൻ്റെ ജ്ഞാനസ്നേഹത്തിലൂ ടെ സുവിശേഷാനുഭവം ദൈവീകാനുഭവമായി ഏറ്റെടുക്കുന്ന പെന്തകോസ്ത് സമൂഹത്തിൻ്റെ ജീവിതം മാതൃകാപരമാണ്. “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പീൻ, പകക്കുന്നവരോട് ക്ഷമിക്കുവീൻ” എന്ന ക്രിസ്തുവചനം ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാന ദർശനമാണ് . ഗാന്ധിജിയുടെ അഹിംസാ സന്ദേശത്തിൻ്റെ അടിസ്ഥാനം ക്രൈസ്തവ ദർശനം ആണ്.
എല്ലാവരെയും സ്നേഹം കൊണ്ട് കീഴടക്കുന്ന മാർഗമാണ് ക്രൈസ്തവീകത. കൊരിന്ത്യയർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നത് പോലെ “സ്നേഹം ചീർക്കുന്നില്ല, നിഗളിക്കുന്നില്ല”. വലിയ സാമൂഹിക ശക്തിയായി മാറിയെങ്കിലും വിലപേശൽ രാഷ്ട്രീയം കളിക്കാതെ വ്യക്തികളുടെ മാനസാന്തരം എന്ന മഹാദൗത്യം നിർവ്വഹിക്കാനാണ് സഭ ശ്രദ്ധിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അടക്കമുള്ള സാമൂഹിക ഇടപെടലുകൾ പ്രശംസനീയമാണ്. വിശ്വാസം സംരക്ഷിക്കാൻ സഭ നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പെന്തകോസ്ത് സഭ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കാണാൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. പിസിഐ ദേശിയ പ്രസിഡൻ്റ് ശ്രീ എൻ എം രാജു മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് നയവിശദീകരണം നടത്തി.പാസ്റ്റർ രാജു ആനിക്കാട് വചന സന്ദേശം നൽകി. വൈസ് പ്രസിഡൻ്റ് ശ്രീ ഫിന്നി പി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ദേശിയ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ് അംഗത്വ വിതരണ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു.
പാസ്റ്റർ തോമസ് എം പുളിവേലിൽ( സ്റ്റേറ്റ് വർക്കിങ് പ്രസിഡൻ്റ്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐപിസി സ്റ്റേറ്റ് ജോ.സെക്രട്ടറി), പാസ്റ്റർ പി കെ ജോസ്( ദക്ഷിണ മേഖല ഡയറക്ടർ, ഏ ജി), പാസ്റ്റർ ജോസ് ബേബി ( തെക്കൻ മേഖല ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ്),പാസ്റ്റർ എം എ. വർഗ്ഗീസ്(ജനറൽ പ്രസിഡൻ്റ്, പി എം ജി),പാസ്റ്റർ സാം ടി മുഖത്തല(സെൻ്റർ പാസ്റ്റർ, ശാരോൻ ഫെലോഷിപ്പ് ചർച്ച്),പാസ്റ്റർ ഏബ്രഹാം ജോൺ( ദേശിയ പ്രസിഡൻ്റ്, സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച്),പ്രൊഫ. രാജു കെ തോമസ്( കല്ലുമല, ചർച്ച് ഓഫ് ഗോഡ്) പാസ്റ്റർ ആർ സി കുഞ്ഞുമോൻ ( സ്റ്റേറ്റ് കമ്മിറ്റി അംഗം),പാസ്റ്റർ സതീഷ് നെൽസൺ ( പ്രസിഡൻ്റ്, സീയോൻ അസംബ്ലി) പാസ്റ്റർ കെ എ തോമസ്( ജില്ലാ വൈസ് പ്രസിഡൻ്റ്) ശ്രീമതി ഷോളി മോൻസി മാങ്കുളങ്ങര( പ്രസിഡൻ്റ,പി ഡബ്ലു സി) പാസ്റ്റർ സാബു ആര്യപള്ളിൽ(വൈസ് പ്രസിഡൻ്റ്, പി വൈ പി എ)പാസ്റ്റർ ബിനോയ് ചാക്കോ( പ്രയർ കോഡിനേറ്റർ) പാസ്റ്റർ തോമസ് കുര്യൻ (ജില്ലാ പ്രസിഡൻ്റ് ആലപ്പുഴ), പാസ്റ്റർ ബിനോയ് മാത്യു ( ജില്ലാ പ്രസിഡൻ്റ്, പത്തനംതിട്ട) പാസ്റ്റർ ജോസ് ബേബി( ജില്ലാ വൈസ് പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ജേക്കബ് കുര്യൻ ( ജില്ലാ പ്രസിഡൻ്റ്) സ്വാഗതവും പാസ്റ്റർ പി കെ യേശുദാസ് (ജില്ലാ സെക്രട്ടറി) കൃതജ്ഞതയും പറഞ്ഞു.പാസ്റ്റർ നിശ്ചൽ റോയ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രശാന്ത് ചെങ്കൽചൂള നയിച്ച ബാൻഡ് സെറ്റ് ഗ്രൂപ്പ് സ്റ്റേജ് പ്രോഗ്രാം അവതരിപ്പിച്ചു.