ബലാത്സംഗം മുതൽ കൊലപാതകം വരെ; പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വെളിപ്പെടുത്തുന്ന സമീപകാല സംഭവങ്ങള്‍

Jul 27, 2023 - 01:44
 0

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാണ്. ഇത്തരത്തിൽ ആക്രമണങ്ങളില്‍ പൊറുതി മുട്ടി പാകിസ്ഥാന്‍ ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ് ഒരു സിഖ് കുടുംബം. ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സമീപകാലത്ത് നടന്ന നാല് ആക്രമണങ്ങളാണ് താഴെ പറയുന്നത്.

പാകിസ്ഥാനില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ സഹിക്കാനാകാതെ ഒരു സിഖ് കുടുംബം ജൂലൈ 25ന് വാഗ അതിര്‍ത്തിയിലെത്തിയിരുന്നു. സര്‍ക്കാരും മുസ്ലീങ്ങളും തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ ആരോപണം.  പാകിസ്ഥാന്‍ വിട്ടുപോകണമെന്നാണ് അവരുടെ ആവശ്യമെന്നും കുടുംബം പറയുന്നു. ഇന്ത്യയില്‍ 43 ദിവസം താമസിക്കാനുള്ള വിസ മാത്രമേ തങ്ങളുടെ പക്കലുള്ളൂവെന്നും അവര്‍ പറയുന്നു. വിസ കാലാവധി നീട്ടി നല്‍കണമെന്നും അല്ലെങ്കില്‍ ഒരു അഭയം നല്‍കണമെന്നുമാണ് ഇവരുടെ അഭ്യര്‍ത്ഥന. പാകിസ്ഥാനിലെ പ്രാദേശിക ജനത തങ്ങളുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. സിഖുകാരെ കൊല്ലുന്നത് അവിടെ സാധാരണമാണ്. ഇന്ത്യന്‍ പൗരത്വത്തിനായി തങ്ങള്‍ അപേക്ഷിക്കുകയാണെന്നും സിഖ് കുടുംബം പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ജൂലൈ 24 പുലര്‍ച്ചെയോടെയാണ് 7 വയസ്സുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിനിലുള്ള രാജോഖനായിലെ ഹിന്ദു ക്ഷേത്രത്തിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 23നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം. എന്നാല്‍ ഇതൊരു കൊലപാതക കേസാണെന്ന് പോലീസ് പറഞ്ഞു. കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം വ്യക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

ജൂലൈ 22നാണ് ആകാശ് കുമാര്‍ ഭീല്‍ എന്ന യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ സഹര്‍ ഗ്രാമത്തിനടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിവാഹിതനാണ് ആകാശ്. ജൂലൈ 16ന് ഇദ്ദേഹം തന്റെ സുഹൃത്ത് അക്മല്‍ ഭട്ടിയോടൊപ്പം പോയിരുന്നു. അതിന് ശേഷം ആകാശിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് അക്മല്‍ ഭട്ടിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ഭട്ടിയെ വെറുതെ വിട്ടു. കൊല നടത്തിയ അജ്ഞാതര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം. എന്നാല്‍ ഭട്ടിയില്‍ നിന്നും പണം വാങ്ങി പോലീസ് കേസ് ഒതുക്കിത്തീര്‍ക്കുകയാണെന്നാണ് ആകാശിന്റെ ഭാര്യയും മാതാപിതാക്കളും ആരോപിക്കുന്നത്.

സിന്ധ് പ്രവിശ്യയിലെ ഗോഡ്കി ജില്ലയിലുള്ള ജാര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.  ഡോക്ടറായ ജീവന്‍ കുമാറിന് നേരെയായിരുന്നു ആക്രമണം. പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അല്ലാഹാ ദിനോയുടെ ബന്ധുക്കളാണ് ഡോക്ടറെ ആക്രമിച്ചത്. ചികിത്സയ്ക്കിടെ അല്ലാഹാ മരിച്ചു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച് അവശനാക്കിയത്. ഡോക്ടറുടെ അശ്രദ്ധയാണ് അല്ലാഹയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ പാമ്പ് കടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷമാണ് അല്ലാഹയെ ആശുപത്രിയിലെത്തിച്ചതെന്നും പ്രാഥമിക ചികിത്സ നല്‍കുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞുവീണിരുന്നെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു. അതേസമയം ആക്രമണത്തില്‍ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാരിയെല്ലിനും ക്ഷതം സംഭവിച്ചു. കൂടാതെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്. ഗോഡ്കി പോലീസ് എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.