ഈസ്റ്റര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ ശ്രീലങ്കന്‍ ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ്

ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ സ്ഫോടനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലാത്ത ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി.

Jan 17, 2022 - 17:59
 0
ഈസ്റ്റര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ ശ്രീലങ്കന്‍ ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ്

ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ സ്ഫോടനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലാത്ത ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി. സംഭവത്തില്‍ കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പോലീസിന്റെ ഭാഗത്തു നിന്നും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊളംബോ ബോരെല്ലായിലെ ഓള്‍ സെയിന്റ്സ് ദേവാലയത്തില്‍ നിന്നുമാണ് ഹാന്‍ഡ് ഗ്രനേഡ് കണ്ടെത്തിയത്. ഗ്രനേഡ് കണ്ടെത്തിയ ദിവസം രാവിലെ മുതലുള്ള സി.സി.ടിവി ഫൂട്ടേജ് ചെക്ക് ചെയ്യുവാന്‍ പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും സിസിടിവി ഫൂട്ടേജ് പരിശോധിക്കുന്നതിന് പകരം ഗ്രനേഡ് കണ്ടെത്തിയ അള്‍ത്താര ശുശ്രൂഷിയെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തതെന്നും, സത്യം കണ്ടെത്തുന്നതിന് പകരം കഥകള്‍ മെനയുവാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരുന്ന 4 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്യാരാണ് ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ് വെച്ചതെന്നാണ് പോലീസ് പറയുന്നത്. രാവിലെ മുതലുള്ള സിസി ടിവി ഫൂട്ടേജ് പരിശോധിക്കുവാന്‍ താന്‍ ഇടവക വികാരിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ രാവിലെ 9:52-ന് ഷോപ്പിംഗ് ബാഗ് കയ്യില്‍ പിടിച്ച ഒരു വ്യക്തി ദേവാലയത്തിലേക്ക് പോകുന്നതും, മറ്റൊരാള്‍ വന്നപ്പോള്‍ ആ വ്യക്തി ദേവാലയത്തിന് വെളിയിലേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമെന്നും കൂട്ടിച്ചേര്‍ത്തു.