മണിപ്പൂര്‍ കലാപം: 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി ഐ.ടി.എല്‍.എഫ്
മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമത്തിന്റെ വ്യാപ്തി വിവരിച്ച് ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്). ആക്രമണത്തില്‍ ഇതുവരെ ഗോത്രവര്‍ഗ്ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.എല്‍.എഫ് പറയുന്നത്. അക്രമികള്‍ 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 115 ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറി. അവശ്യ മരുന്നുകളുടെ അഭാവം കാരണം കഷ്ടത്തിലായ ഗോത്രവര്‍ഗ്ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.
Also Read: മണിപ്പൂർ കലാപം: അമിത് ഷായുടെ മുന്നറിയിപ്പിനു പിന്നാലെ കലാപകാരികൾ ആയുധങ്ങൾ സറണ്ടർ ചെയ്തു
“ഗോത്രവര്‍ഗ്ഗക്കാര്‍ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. യാതൊരു സുരക്ഷയുമില്ല. അക്രമം തുടരുന്നതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇംഫാലിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും ദുരിതത്തിലെന്നു ഐ.ടി.എല്‍.എഫിലെ ഗിന്‍സ വുവാള്‍സോങ്, പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ സിംഗിള്‍ ബാരല്‍ തോക്കുകളുമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്. ചുരുക്കത്തില്‍ സൈന്യം അവരെ മരണത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ മെയ് 3 മുതല്‍ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ സേനയും തുടര്‍ച്ചയായി വംശഹത്യ നടത്തിവരികയാണെന്ന് ഗിന്‍സാ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെ ക്രൈസ്തവര്‍ അംഗങ്ങളായിട്ടുള്ള ഗോത്രവര്‍ഗ്ഗമായ കുക്കികളും, നാഗാകളുടെയും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍ ഭാഗത്ത് നിന്നു കലാപത്തിന് സമാനമായ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതിന് പിന്നാലേ, നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.