മണിപ്പൂർ: ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണമെന്ന് യു കെ പാർലമെന്റ് അംഗം
Manipur riot is an attack on Christians says UK Member of Parliament
ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്.
കഴിഞ്ഞ മാസം ആദ്യം ആരംഭിച്ച കലാപത്തിൽ നൂറുകണക്കിന് ക്രിസ്ത്യൻ ദൈവാലയങ്ങളും ഗ്രാമങ്ങളുമാണ് ഇതുവരെ തകർക്കപ്പെട്ടത്. നൂറുകണക്കിന് ആളുകൾ അരുംകൊലയ്ക്കിരയായ മണിപ്പൂരിൽ ഏത് സമയത്തും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ക്രൈസ്തവർ ജീവിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൈസ്‌തവർക്ക് എതിരായ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടവരുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയതാണ് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ. പതിനായിരക്കണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. അക്രമണങ്ങൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും മണിപ്പൂർ പൊലീസ് കമാൻഡോകൾ പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വത്തെ കുറിച്ചും ദുരിതബാധിതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മതപരവും വംശീയവുമായ സംഘർഷങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മെയ്‌തെയി വിഭാഗത്തിലെ ക്രിസ്ത്യൻ സമൂഹവും കടുത്ത പീഡനം നേരിടുന്നുണ്ട്. മെയ്‌തെയി ക്രൈസ്തവരുടെ 250ൽപ്പരം ദൈവാലയങ്ങൾ നശിപ്പിക്കപ്പെട്ടതായും പാസ്റ്റർമാർ സാക്ഷ്യപ്പെടുത്തി. പലപ്പോഴും കൊള്ളയടിച്ചശേഷമാണ് ദൈവാലയങ്ങൾ അഗ്‌നിക്കിരയാക്കിയത്. കുറഞ്ഞത് മൂന്ന് ജില്ലകളിലെങ്കിലും ദൈവാലയങ്ങൾ പൂർണമായും കത്തിനശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2023 മേയ് മൂന്നു മുതൽ ആരാധനയ്‌ക്കോ പ്രാർത്ഥനയ്‌ക്കോ ക്രൈസ്തവർക്ക് അവിടെ ഒരുമിച്ചുകൂടാൻ കഴിഞ്ഞല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ഇപ്പോൾ നാം കാണുന്ന ആക്രമണങ്ങൾ എന്നിവ വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. ദുരിതാശ്വാസ പ്രവർത്തകർക്ക് ദുരിതബാധിത പ്രദേശങ്ങളിലേക്കും കുടിയിറക്കപ്പെട്ടവരിലേക്കും എത്തിപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കണം, ഹെൽപ്പ് ലൈൻ നമ്പറുകൾ സ്ഥാപിക്കണം, ഇന്റർനെറ്റ് കണക്ടിവിറ്റി പുനഃസ്ഥാപിക്കണം, ഇരകളെ അവരുടെ യഥാർത്ഥ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.