തെക്കൻ ഇറാഖിൽ ക്രൈസ്തവരുടെ കൂട്ട പലായനം

Mass exodus of Christians in southern Iraq

Jan 26, 2024 - 11:35
Feb 11, 2024 - 21:41
 0

ഇറാഖിന്റെ തെക്കൻ പ്രദേശമായ ബസ്രയിൽ ആദ്യ കാലം മുതൽ പാർത്തിരുന്ന ക്രൈസ്തവർ കൂട്ട പലായനം നടത്തുന്നതായി റിപ്പോർട്ട്. എൺപത് ശതമാനത്തോളം വരുന്ന അസ്സീറിയൻ, കൽദായ, സുറിയാനി ക്രൈസ്തവരുടെ കുടിയേറ്റം കുർദിസ്ഥാൻ പ്രദേശത്തേക്കോ വിദേശത്തേക്കോ ആയാണ് നടക്കുന്നത്. ക്രമാതീതമായ കുടിയേറ്റം അവിടുത്തെ ഭൂരിപക്ഷം ദേവാലയങ്ങളും ശൂന്യമാക്കിയെന്ന് ഇറാഖി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രധാന അഭയകേന്ദ്രവും സ്വദേശവുമായിരുന്ന ബസ്ര പ്രവിശ്യയിൽ പിൽക്കാലത്തു ഏഴായിരത്തിലധികം കുടുംബങ്ങളുണ്ടായിരുന്നത്, ഇപ്പോൾ അത് ഗണ്യമായി കുറഞ്ഞു മുന്നൂറ്റമ്പതിലെത്തി.

ദുർബലമായ നിയമവ്യവസ്ഥിതി, അവകാശങ്ങൾ ലഭിക്കാതിരിക്കൽ, ക്രൈസ്തവരെ മൂന്നാംകിട പൗരനായി പരിഗണിക്കപ്പെടൽ, പാർശ്വവത്കരണം, സുരക്ഷിതത്വമില്ലായ്മ, വധഭീഷണി തുടങ്ങിയ നിരവധി കാരണങ്ങളാണ് ക്രൈസ്തവരുടെ കുടിയേറ്റത്തിന് കാരണങ്ങളെന്ന് ബസ്രയുടെയും തെക്കൻ ഇറാഖിന്റയും കൽദായ അതിരൂപതയുടെ പ്രതിനിധി ആരം സാബാഹ് പറഞ്ഞു. ഇത് തങ്ങൾക്ക് വളരെയധികം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസ്രയിലെ 17 ക്രൈസ്തവ ദേവാലയങ്ങളിൽ ഒൻപതെണ്ണം അടച്ചിട്ടു. രണ്ടെണ്ണം അഗ്നിക്കിരയാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തകർന്ന അവസ്ഥയിലാണ് ഇറാഖിലെ ക്രൈസ്തവ സമൂഹം. 2003-ൽ അമേരിക്കൻ അധിനിവേശത്തെത്തുടർന്നുണ്ടായ വിഭാഗീയ യുദ്ധങ്ങളും 2014 ൽ ഇസ്‌ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണങ്ങളും ഒന്നിലധികം ക്രൈസ്തവ വിഭാഗങ്ങളുടെ അനുയായികളെ പലായനത്തിന് പ്രേരിപ്പിച്ചു. 2022 ലെ കണക്കനുസരിച്ചു, മൂന്നുലക്ഷത്തിൽ താഴെ ക്രൈസ്തവരെ ഇന്ന് ഇറാഖിൽ അവശേഷിക്കുന്നുള്ളൂ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0