നൈജീരിയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തീവ്രവാദികള്‍ തടയുന്നു
നൈജീരിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തീവ്രവാദികള്‍ തടയുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നൈജീരിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തീവ്രവാദികള്‍ തടയുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തിലെ ക്വാല്‍ കൗണ്ടിയില്‍ മാത്രം ഇരിഗ്വേ വംശജരായ അഞ്ഞൂറോളം കുട്ടികള്‍ക്കാണ് തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു സ്കൂളില്‍ പോകുവാന്‍ കഴിയാത്തതെന്നു ഇരിഗ്വേ വിദ്യാര്‍ത്ഥികളുടെ ദേശീയ പ്രസിഡന്റ് സമീപ ദിവസം വെളിപ്പെടുത്തി. ഏഴ് വര്‍ഷമായി ഫുലാനികള്‍, ഇരിഗ്വേ വിദ്യാര്‍ത്ഥികളെ അവരുടെ വീട്ടില്‍ നിന്നും അകറ്റി സ്കൂളില്‍ പോകുന്നതില്‍ നിന്നും തടഞ്ഞു കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഭവനരഹിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും സംരക്ഷിക്കുവാന്‍ നൈജീരിയന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്ന ആരോപണവും ഇതോടെ ശക്തമായിരിക്കുകയാണ്. ബെന്യൂ സംസ്ഥാനത്ത് മതപീഡനത്തിന് ഏറ്റവുമധികം ഇരയായികൊണ്ടിരിക്കുന്നത് ഇരിഗ്വേ വംശജരാണ്. ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോ ഹറാം പോലെയുള്ള സംഘടിതരായ തീവ്രവാദി സംഘടനകളിലാണ് മാധ്യമങ്ങളും, സര്‍ക്കാരുകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഐ.സി.സി പോലെയുള്ള ക്രൈസ്തവ മനുഷ്യാവകാശ നിരീക്ഷക സംഘടനകള്‍ ഫുലാനി തീവ്രവാദികളെയാണ് ആദ്യം അമര്‍ച്ച ചെയ്യേണ്ടതെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
നിലവില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഏറ്റവും വലിയ ഭീഷണി ഫുലാനി തീവ്രവാദികളാണെന്നാണ് 'ഐ.സി.സി'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെ നിത്യ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്നും, അവരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ആര്‍ഭാടമായി മാറിക്കഴിഞ്ഞുവെന്നും വിദ്യാഭ്യാസം പോലെയുള്ള ഒരു കാര്യത്തിന് പണം മുടക്കാന്‍ പലര്‍ക്കും താല്‍പ്പര്യമില്ലാതായെന്നും ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫുലാനികള്‍ ക്രൈസ്തവരെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിപ്പായിക്കുകയും, കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷയില്ലായ്മയും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും അകറ്റുന്നുണ്ട്. 2014-ല്‍ ബൊക്കോഹറാം ചിബോക്കിലെ സ്കൂളില്‍ നിന്നും 276 കുട്ടികളെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ കുട്ടികളായിരുന്നു. 2021-ന്റെ ആദ്യ പകുതിയില്‍ ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ തട്ടിക്കൊണ്ടുപോകലിനിരയായി. കടുണയിലെ ബെത്ലഹേം ബാപ്റ്റിസ്റ്റ് സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ടത് 120 വിദ്യാര്‍ത്ഥികളാണ്. ഏതാണ്ട് 1,200-ഓളം ഡോളര്‍ നല്‍കിയാണ് മാതാപിതാക്കള്‍ ഇവരെ മോചിപ്പിച്ചത്. ഇതേത്തുടര്‍ന്ന്‍ 13 സ്കൂളുകള്‍ അടച്ചു പൂട്ടുകയുണ്ടായി. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സ്കൂളുകളായിരിന്നു.