നൈജീരിയയില്‍ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ മിഷ്ണറി വൈദികന്‍ മോചിതനായി

Jun 22, 2023 - 15:23
 0
നൈജീരിയയില്‍ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ മിഷ്ണറി വൈദികന്‍ മോചിതനായി

നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. മാർസെല്ലസ് ന്വോഹുവോച്ചയാണ് ഇന്നലെ മോചിതനായത്. ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഒഎംഐ) സന്യാസ സമൂഹാംഗമാണ് ഫാ. മാർസെല്ലസ്. മോചനത്തെ സംബന്ധിച്ചു മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം വൈദികന്‍റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുകയാണെന്നു സഭാനേതൃത്വം അറിയിച്ചു.

ജൂൺ 18, ഞായറാഴ്ച പള്ളിമുറിയില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ സുരക്ഷാ ജീവനക്കാരനെ വെടിവച്ചതിന് ശേഷം മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സുരക്ഷ ജീവനക്കാരന്‍ മരണപ്പെട്ടിരിന്നു. തലയിൽ ആഴത്തിലുള്ള മുറിവുകളുള്ളതിനാല്‍ വൈദികന്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മിഷ്ണറി സന്യാസ സമൂഹം അറിയിച്ചു. നൈജീരിയയിലെ വൈദികരെ തട്ടിക്കൊണ്ടുപോകുന്ന അക്രമ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ന്വോഹുവോച്ചക്കു നേരെയുണ്ടായ അതിക്രമം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.