നൈജീരിയയില്‍ രണ്ട് കത്തോലിക്ക സന്യാസിനികളെ തട്ടിക്കൊണ്ടുപോയി
Nigeria Christian News

തെക്കു കിഴക്കൻ നൈജീരിയയില്‍ നിന്ന് രണ്ട് കത്തോലിക്ക സന്യാസിനികളെ തട്ടിക്കൊണ്ടുപോയി. അനംബ്ര സ്റ്റേറ്റിലുള്ള ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്‌സ് (IHM) സന്യാസ സമൂഹത്തിലെ അംഗങ്ങളെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ജനുവരി 7 ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉഫുമയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പൽ സിസ്റ്റര്‍ വിൻസെൻഷ്യ മരിയ, നെവിയിലെ ഇമ്മാക്കുലേറ്റ ഗേൾസ് മോഡൽ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
ഒഗ്ബോജിയിലെ വൊക്കേഷണൽ അസോസിയേഷൻ്റെ മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങവെ ഉഫുമ റോഡില്‍ എത്തിയപ്പോള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യാസ്ത്രീകളെ കണ്ടെത്താനും മോചിപ്പിക്കാനും ഇടപെടല്‍ ആരംഭിച്ചതായി നൈജീരിയന്‍ പോലീസ് അറിയിച്ചു. പോലീസ് കമ്മീഷണർ നനാഗെ ഇറ്റവും ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കൊപ്പം സംഭവസ്ഥലം സന്ദർശിച്ചു. നൈജീരിയയിലെ അനംബ്ര സംസ്ഥാനം തട്ടിക്കൊണ്ടുപോകലുകളുടെയും കൊലപാതകങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ശക്തമായ നടപടിയെടുക്കാൻ ഗവർണർ ചുക്വുമ സോലുഡോയോട് ജനം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്രിയാത്മകമായ നടപടി ഇതുവരെ കൈക്കൊണ്ടിട്ടില്ല.