കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ
ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. 'റേഡിയോ മരിയ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനും നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള നിക്കരാഗ്വേയിലെ അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായിരിന്നു റേഡിയോ മരിയ. 2018- ല്‍ ഭരണകൂടത്തിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ വൈദികര്‍ മധ്യസ്ഥരായി പ്രവർത്തിച്ചതിനുശേഷം അധികാരികൾ റേഡിയോ സ്റ്റേഷന് നേരെ വേട്ടയാടല്‍ നടപടികള്‍ ആരംഭിച്ചിരിന്നു.
ഇതിനിടെ റേഡിയോ സ്റ്റേഷന്റെ പല സ്വത്തുക്കളും പിടിച്ചെടുത്തു. ചൊവ്വാഴ്ച ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പില്‍ റേഡിയോയുടെ ഡയറക്ടർ ബോർഡ് 2021 സെപ്റ്റംബർ മുതൽ കാലഹരണപ്പെട്ടുവെന്നും 2019-2023 കാലയളവിലെ സാമ്പത്തിക പ്രസ്താവനകൾ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ആരോപിക്കുന്നു. അതേസമയം കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് നേരെ രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന വേട്ടയാടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നോക്കികാണുന്നത്.