നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറയുടെ കുടുംബത്തിന് പുനരധിവാസം ഒരുക്കി
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി സാമുവല്‍ ദെബോറ യാക്കുബുവിന്റെ കുടുംബത്തെ പുനരധിവസിപ്പിച്ചു.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി സാമുവല്‍ ദെബോറ യാക്കുബുവിന്റെ കുടുംബത്തെ പുനരധിവസിപ്പിച്ചു. പോര്‍ട്ട് ഹാര്‍ക്കോര്‍ട്ടിലെ ഒമേഗ പവര്‍ മിന്‍സ്ട്രീസിന്റെ സ്ഥാപകനായ ചിബുസെര്‍ ചിനിയരെയാണ് യാക്കുബു കുടുംബത്തിന് തുണയായത്. ദെബോറ യാക്കുബുവിന്റെ കൊലപാതകത്തില്‍ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും, പ്രതിഷേധ കോലാഹലങ്ങള്‍ കെട്ടടങ്ങുകയും ദെബോറയുടെ കൊലപാതകം വിസ്മൃതിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ചിബുസെര്‍ ചിനിയരെ തന്റെ വാക്ക് പാലിച്ചു കൊണ്ട് രംഗത്തെത്തിയത്.
നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്തിലെ റിജ്ജാവു പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ടുന്‍ഗാന്‍ മഗാജിയാ ഗ്രാമത്തില്‍ നിന്നും യാക്കുബു കുടുംബത്തെ റിവേഴ്സ് സംസ്ഥാനത്തിലെ പോര്‍ട്ട് ഹാര്‍കോര്‍ട്ടിലേക്കാണ് ചിനിയേര മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ദെബോറ ഉള്‍പ്പെടെ ഒമ്പത് മക്കളായിരുന്നു യാക്കുബു ദമ്പതികള്‍ക്ക്. എന്നാല്‍ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും, കോലാഹലങ്ങളും കെട്ടടങ്ങിയപ്പോള്‍ പാവപ്പെട്ട യാക്കുബു കുടുംബം ഒറ്റയ്ക്കായതായി വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വളര്‍ന്നു വരുന്ന ദേശീയ നേതാവെന്ന്‍ പരിഗണിക്കപ്പെട്ടിരുന്ന സൊകോട്ടോ ഗവര്‍ണര്‍ അല്‍ഹാജി അമിനു തംബുവല്‍ ദെബോറയുടെ കുടുംബത്തെ സഹായിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ദെബോറയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പോലും പരാജയപ്പെട്ടു എന്നതാണ് ഖേദകരമായ വസ്തുത.
ദെബോറയുടെ കൊലപാതകികള്‍ തന്നെ പുറത്തുവിട്ടതെന്ന് കരുതപ്പെടുന്ന വൈറല്‍ വീഡിയോയില്‍ കണ്ട രണ്ടുപേരെ അറസ്റ്റ് ചെയ്യുകമാത്രമാണ് ഇതുവരെ പോലീസ് ചെയ്തിട്ടുള്ളത്. ഗൂഡാലോചനയും, കൊലപാതകവും ചുമത്തുന്നതിന് പകരം കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കുറ്റം മാത്രമാണ് പോലീസ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. സൊകോട്ടോയിലെ ഷെഹുഷഗരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്സാപ്പില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്ന്‍ മതഭ്രാന്ത് തലക്ക് പിടിച്ച മുസ്ലീം സഹപാഠികള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടെരിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് പതിവാണ്. ഇക്കാര്യത്തില്‍ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ കാര്യമായി പ്രതികരിക്കാത്തതാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം.