പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് 'സമരിറ്റൻസ് പേഴ്‌സ്'
'Samaritan's Purse' revamps infrastructure to reach tens of thousands
ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ സാധിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. ഗ്രീൻസ്‌ബോറോയിലെ 62,000 ചതുരശ്ര അടി എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററിന്റെ സമർപ്പണ ചടങ്ങ് സമരിറ്റൻസ് പേഴ്‌സ് ഇന്നലെ ചൊവ്വാഴ്ച നടത്തി.
ബൂണിലെ സമരിറ്റൻസ് പേഴ്‌സിന്റെ ആസ്ഥാനത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയുള്ള പീഡ്‌മോണ്ട് ട്രയാഡ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹാംഗറും ഓഫീസ് സ്ഥലവും ഈ സൗകര്യത്തിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. നേരത്തെ സമരിറ്റന്റെ പേഴ്‌സിന്റെ അധീനതയില്‍ ഉണ്ടായിരിന്ന വിമാനം വഴി 185 പ്രത്യേക ദൗത്യങ്ങളിലായി വിവിധ രാജ്യങ്ങളിലേക്ക് ഏകദേശം 8 ദശലക്ഷം പൗണ്ട് ചരക്കാണ് എത്തിച്ചത്.
ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമാണ് സമരിറ്റന്‍ പഴ്സിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. നമുക്കുള്ളതെല്ലാം ദൈവത്തിൽനിന്നുള്ളതാണെന്നും ഈ സൗകര്യം ഒരുക്കിയതിന് അവിടുത്തോട് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും സർവശക്തനായ ദൈവത്തിന് യേശുക്രിസ്തുവിന്റെ മഹത്വത്തിനായി ഇത് സമർപ്പിക്കുകയാണെന്നും ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്.