യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നത്: പക്ഷാഘാതത്തിലും വിശ്വാസം സാക്ഷ്യപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍

Jun 18, 2022 - 03:00
Jun 18, 2022 - 03:01
 0
യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നത്: പക്ഷാഘാതത്തിലും വിശ്വാസം സാക്ഷ്യപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍

മുഖത്തെ പക്ഷാഘാതം സംഭവിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ബീബർ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബർ തന്റെ രോഗവിവരം പുറത്തുവിട്ടത്. പല സംഗീത പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്താണെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് തനിക്ക് റാംസെ ഹണ്ട് സിൻഡ്രം എന്ന അസുഖമാണെന്ന വിവരം ബീബർ വ്യക്തമാക്കിയത്. രോഗംമൂലം മുഖത്തിന്റെ പാതിഭാഗം നിർജീവ അവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ജസ്റ്റിൻ ബീബർ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലേയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തന്റെ ക്രിസ്തു വിശ്വാസം ബീബര്‍ ഏറ്റുപറഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

"ഈ കൊടുങ്കാറ്റും കടന്നുപോകുമെന്ന് എനിക്ക് അറിയാം. എന്നാൽ, ഇതിനിടയിലും യേശു എന്റെ കൂടെയുണ്ട്. ഓരോ ദിവസവും മെച്ചപ്പെട്ടുവരികയാണ്. ഈ അസ്വസ്ഥകൾക്കിടയിലും എന്നെ രൂപകൽപന ചെയ്യുകയും അറിയുകയും ചെയ്യുന്ന യേശുവില്‍ ആശ്വാസം കണ്ടെത്തുകയാണ് ഞാൻ. യേശുവിന് എന്നെക്കുറിച്ച് എല്ലാം അറിയാം. ഒരാളും അറിയാൻ ആഗ്രഹിക്കാത്ത എന്റെ മോശം വശങ്ങളെല്ലാം അറിയുന്നവനാണവൻ''. സ്നേഹത്തിന്റെ കരവലയത്തിലേക്ക് അവൻ എന്നെ നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെന്നും ബീബര്‍ പറഞ്ഞു. രോഗാവസ്ഥയെ തുടര്‍ന്നു വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന് ജസ്റ്റിൻ ബീബർ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിന്നു.