ലണ്ടനിലെ തെരുവിൽ ബൈബിള്‍ പ്രഘോഷിച്ചതിന് നിയമനടപടി നേരിട്ട സുവിശേഷകന് ഒടുവില്‍ നീതി

Apr 22, 2022 - 20:03
 0
ലണ്ടനിലെ തെരുവിൽ ബൈബിള്‍ പ്രഘോഷിച്ചതിന് നിയമനടപടി നേരിട്ട സുവിശേഷകന് ഒടുവില്‍ നീതി

ബ്രിട്ടനിലെ തെരുവിൽ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കെതിരെ ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള വചനം പ്രഘോഷിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത സുവിശേഷകന് അനുകൂലമായി ഉകസ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതി വിധി. ജോൺ ഷെർവുഡ് എന്ന സുവിശേഷകനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കൺസർവേറ്റീവ് വുമൺ എന്ന വെബ്സൈറ്റിലൂടെ അദ്ദേഹത്തിൻറെ സുഹൃത്തായ പീറ്റർ സിംസനാണ് ഈ വിവരം പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ മണ്ഡലത്തിലാണ് സംഭവം നടക്കുന്നത്. ദൈവത്തിന്റെ പദ്ധതിയിലെ കുടുംബം എന്നത് പുരുഷനും, സ്ത്രീയും ചേർന്നതാണെന്നും, അത് രണ്ടു പുരുഷന്മാരോ, സ്ത്രീകളോ ചേർന്നതല്ലെന്നും അദ്ദേഹം ഉല്പത്തി പുസ്തകത്തിലെ ഒന്നാം അധ്യായം ചൂണ്ടിക്കാട്ടി പ്രസംഗം നടത്തിയതാണ് അറസ്റ്റിൽ കലാശിച്ചത്.

ആദ്യം പോലീസ് എത്തി അപ്രകാരം പ്രസംഗിക്കരുതെന്ന് പറഞ്ഞെങ്കിലും 70 വയസ്സിന് മുകളിലുള്ള ജോൺ ഷെർവുഡ് പ്രസംഗം തുടരുകയായിരുന്നു. അവിടെ കൂടിയിരുന്ന ഏതാനും ചിലർ വിദ്വേഷപ്രസംഗമാണ് ഷെർവുഡ് നടത്തുന്നതെന്ന് പറഞ്ഞു ബഹളം വെച്ചപ്പോഴാണ് പോലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. അവിടെ നിന്നിരുന്ന മറ്റൊരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പ്രായമായ ഒരാൾ എന്ന പരിഗണന പോലും നൽകാതെ ബലം പ്രയോഗിച്ചാണ് സുവിശേഷകനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളായിരിന്നു അത്. പിറ്റേദിവസം ഉച്ചയ്ക്കാണ് അദ്ദേഹത്തെ പോലീസ് വിട്ടയക്കുന്നത്.

ബൈബിൾ വചനങ്ങൾ നിറഞ്ഞതായിരുന്നു ഷെർവുഡിന്റെ വിചാരണയെന്ന് പീറ്റർ സിംസൺ പറഞ്ഞു. വിചാരണ കേൾക്കാൻ നിരവധി ക്രൈസ്തവ വിശ്വാസികളും കോടതിയിൽ എത്തിയിട്ടുണ്ടായിരുന്നു. ആർക്കും അവമതിപ്പ് ഉണ്ടാക്കാനല്ല, മറിച്ച് പാപത്തെക്കുറിച്ച് പശ്ചാത്തപിച്ച് നിത്യ ജീവനുവേണ്ടി യേശുക്രിസ്തുവിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുക മാത്രമായിരുന്നു തന്റെ പ്രസംഗത്തിന്റെ ലക്ഷ്യമെന്ന് ഷെർവുഡ് കോടതിയിൽ പറഞ്ഞു. ബ്രിട്ടനിലെ ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും അദ്ദേഹം ഉയർത്തിക്കാട്ടി. തെരുവ് സുവിശേഷകരെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ബ്രിട്ടണിൽ ഇത് ആദ്യത്തെ സംഭവമല്ല. ഏതാനും നാളുകൾക്കു മുമ്പ് ഇസ്ലാമിക വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് ഒലുവോലെ ഇലേസൻമി എന്നൊരു സുവിശേഷകനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.