പ്രാർഥന സഫലമായി; യുദ്ധഭൂമിയിൽ നിന്നും നേഹയും ദിദിമോസും വീട്ടിലെത്തി

യുക്രൈനിലെ യുദ്ധഭൂമിയിൽനിന്ന് പ്രാർഥനയുടെ ഫലമായി കൊച്ചി സ്വദേശികളായ നേഹ എൽദോസും ദിദിമോസ് വർഗീസും സുരക്ഷിതരായി വീട്ടിലെത്തി. യുക്രൈനിലെ വിനിറ്റ്‌സിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.

Mar 7, 2022 - 19:02
 0
പ്രാർഥന സഫലമായി; യുദ്ധഭൂമിയിൽ നിന്നും നേഹയും ദിദിമോസും വീട്ടിലെത്തി

യുക്രൈനിലെ യുദ്ധഭൂമിയിൽനിന്ന് പ്രാർഥനയുടെ ഫലമായി കൊച്ചി സ്വദേശികളായ നേഹ എൽദോസും ദിദിമോസ് വർഗീസും സുരക്ഷിതരായി വീട്ടിലെത്തി. യുക്രൈനിലെ വിനിറ്റ്‌സിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് നേഹയും സഹപാഠികളായ 61 പേരും വ്യാഴാഴ്ച വൈകിട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഹംഗറിയിൽനിന്നും വിവിധ വിമാനങ്ങളിലാണ് ഇവർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്. അവിടെ നിന്ന് കേരള സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ഇവരെയെല്ലാം ഒന്നിച്ച്‌ നാട്ടിലെത്തിക്കുകയായിരുന്നു..

വിനിറ്റ്സിയയിലെ താമസ സ്ഥലത്ത് നിന്ന് അഞ്ചു ദിവസം മുമ്പാണ് നേഹയും സംഘവും യാത്ര തുടങ്ങിയത്. യുദ്ധ ഭീതിയിൽ വീട് വിട്ട് ഇറങ്ങി രണ്ട് ദിവസം കൂട്ടുകാരുടെ അപ്പാർട്ട്മെൻ്റിലെ അടിതട്ടിൽ ഭയന്ന് താമസിച്ചു. പിന്നീട് അവിടെയും എമർജൻസി സയറൺ മുഴങ്ങിയതിനാൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദീർഘദൂരം നടന്നും ബസിലുമായി യാത്ര ചെയ്ത് ചോപ്പ് റെയിൽവെ സ്റ്റേഷനിൽ എത്തി.

അവിടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ട്രെയിൻ കയറാൻ ഉണ്ടായിരുന്നത്. അവിടെ നിന്ന് പിറ്റെ ദിവസം വെളുപ്പിനാണ് സഹോനി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കിട്ടാതെ അതിർത്തിയിൽ ഏറെനേരം കാത്തുകിടന്നതിന്റെ ക്ഷീണമായിരുന്നു ഏവർക്കും.
വളരെ കഷ്ടപ്പെട്ട്

അതിർത്തിയിലും മറ്റു രാജ്യങ്ങളിലും ഏറെ സമയം കാത്തുകിടന്ന് ഒടുവിൽ മാർച്ച് 1 ന് ഹംഗറിയിലെ ബുഡാപെസ്റ്റ് ഇന്ത്യൻ എംബസിയിൽ എത്തി ചേർന്നു. അതിർത്തി കടന്ന ശേഷം യാത്ര താരതമ്യേന എളുപ്പമായിരുന്നെന്നും എംബസിയിലെത്തിയ വിദ്യാർഥികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് പോകുവാനുള്ള ഏർപ്പാടുകൾ അവർ ഒരുക്കി തന്നുവെന്നും നേഹ പറഞ്ഞു. 
യുക്രൈനിന്റെ അതിർത്തിയിൽ മണിക്കൂറുകൾ കാത്തുകിടന്നാണ് ഹംഗറിയിൽ എത്തിയതെന്ന് ദിദിമോസ് പറഞ്ഞു. അതിർത്തിയിൽ യുക്രൈൻ പൗരൻമാർക്കാണ് ആദ്യ പരിഗണന നൽകുന്നത്. 15 യുക്രൈൻ പൗരൻമാരെ കടത്തിവിടുമ്പോഴാണ് ഒരു വിദേശിയെ കടത്തിവിടുന്നത്.

യുദ്ധത്തിന്റെ പ്രതിസന്ധികളും സംഘർഷവും രൂക്ഷമായ കീവിലും ഖാർക്കീവിലുമുള്ള വിദ്യാർഥികൾ സുരക്ഷിതരായി തിരികെയെത്താൻ ഏവരും പ്രാർഥിക്കണമെന്നും ഇരുവരും പറഞ്ഞു.

അതേസമയം റുമാനിയയിലും ഹംഗറിയിലും മികച്ച പിന്തുണയും കരുതലുമാണ് തങ്ങൾക്കു കിട്ടിയതെന്നും അവർ പറഞ്ഞു. വേദനകൾ ഏറെ സഹിച്ചെങ്കിലും ഒടുവിൽ പ്രിയപ്പെട്ടവരുടെ അടുക്കലെത്തിയപ്പോൾ നിറ മിഴികളോടെയാണ് കുട്ടികൾ അവരെ കെട്ടിപ്പുണർന്നത്.യുദ്ധഭൂമിയിൽ നിന്ന് ദൈവകൃ പയാൽ സുരക്ഷിതരായി എത്തുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ച ഏവർക്കും നന്ദിയും ഇരുവരും അറിയിച്ചു.