യു.എസ് മിഷണറി സംഘത്തിലെ രണ്ടു പേര്‍ മോചിതരായി

യു.എസ് മിഷണറി സംഘത്തിലെ രണ്ടു പേര്‍ മോചിതരായി പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തിതിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യു.എസ്. മിഷണറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു.

Dec 8, 2021 - 19:16
 0

ഹെയ്തിതിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യു.എസ്. മിഷണറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു. ഇക്കാര്യം ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സഭയുടെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മോചിതരായ രണ്ടു പേരും ഉന്മേഷവാന്മാരാണെന്നും വിശദീകരണമുണ്ട്.

കഴിഞ്ഞ 16-നാണ് പതിനാറ് യു.എസ്. പൌരന്മാരും ഒരു കനേഡിയന്‍ പൌരനുമുള്‍പ്പെടുന്ന മിഷണറി സംഘത്തെ കൊള്ളസംഘം തട്ടിക്കൊണ്ടു പോയത്. അനാഥാലയത്തില്‍ നിന്നും താമസസ്ഥലത്തേക്കു മടങ്ങും വഴിയായിരുന്നു ഇത്.

മിഷണറി സംഘത്തില്‍ 18-നും 48-നും ഇടയില്‍ പ്രായമുള്ള 12 പേരും എട്ടു മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള 5 കുട്ടികളുമാണുണ്ടായിരുന്നത്. മോചിതരായവരുടെ പേര്, മോചനത്തിന്റെ കാരണം, അവര്‍ ഇപ്പോള്‍ എവിടെയാണ് എന്നീ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഹെയ്ത്തി പ്രസിഡന്റ് ജോവനേല്‍ മോയിസ് കഴിഞ്ഞ ജൂലൈയില്‍ വീട്ടില്‍ വെടിയേറ്റ് മരിച്ചതിനുശേഷം രാജ്യത്തെ ക്രമസമാധാന നില തകര്‍ന്ന് അവസ്ഥയിലാണ്. മോചന ദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും പതിവായിരിക്കുകയാണ്.