യു.എസ്. മിഷണറിയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞു കാണാതെയായി

യു.എസ്. മിഷണറിയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞു കാണാതെയായി ഫ്ളോറിഡ: അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയെ ടാന്‍സാനിയ തീരത്തിനു സമീപമുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായി. ടാന്‍സാനിയായുടെ കിഴക്കന്‍ തുറമുഖത്തുനിന്നും ബോട്ടില്‍ യാത്ര ചെയ്ത കെന്നത്ത് ദാന്‍ഫോര്‍ത്ത് എന്ന മിഷണറിയാണ് കൊടുങ്കാറ്റില്‍ ഉലഞ്ഞു മറിഞ്ഞ ബോട്ടില്‍നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴത്തിലേക്കു മുങ്ങിപ്പോയത്. മെയ് 3-ന് കെന്നത്തും മറ്റു 5 പേരുമായി ബോട്ടില്‍ ടാന്‍സാനിയായുടെതന്നെ മറ്റൊരു ചെറു ദ്വീപായ മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന ദ്വീപിലേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം

Jun 2, 2018 - 01:45
 0
അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയെ ടാന്‍സാനിയ തീരത്തിനു സമീപമുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായി.

ടാന്‍സാനിയായുടെ കിഴക്കന്‍ തുറമുഖത്തുനിന്നും ബോട്ടില്‍ യാത്ര ചെയ്ത കെന്നത്ത് ദാന്‍ഫോര്‍ത്ത് എന്ന മിഷണറിയാണ് കൊടുങ്കാറ്റില്‍ ഉലഞ്ഞു മറിഞ്ഞ ബോട്ടില്‍നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴത്തിലേക്കു മുങ്ങിപ്പോയത്.

മെയ് 3-ന് കെന്നത്തും മറ്റു 5 പേരുമായി ബോട്ടില്‍ ടാന്‍സാനിയായുടെതന്നെ മറ്റൊരു ചെറു ദ്വീപായ മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന ദ്വീപിലേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബോട്ടിന്റെ ക്യാപ്റ്റന്‍ നീന്തി രക്ഷപെട്ടുവെങ്കിലും യാത്രക്കാരായ എല്ലാവരും മുങ്ങിത്താഴുകയായിരുന്നു.

മാഫിയാ ദ്വീപിലേക്കു രണ്ടു മണിക്കൂര്‍ ബോട്ടു യാത്രയുണ്ട്. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ജെ.ആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെന്നത്ത് കഴിഞ്ഞ 7 വര്‍ഷമായി മാഫിയാ ദ്വീപില്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ ഒരു മിഷണറിയായാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ഹൈസ്കൂളും നടത്തുന്നുണ്ട്. മാഫിയാ ദ്വീപിലെ ആകെ ജനസംഖ്യ 40,000 പേര്‍ മാത്രമാണ്. ഭൂരിപക്ഷവും മുസ്ളീങ്ങളാണ്. സാധുക്കളായ ജനത്തിന്റെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയായിരുന്നു കെന്നത്ത്.

അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ മകനെ കാണാതയതില്‍ വളരെ ദുഃഖമുണ്ടെന്ന് കെന്നത്തിന്റെ മാതാവ് ടാമി സ്റ്റീവാനിസ് പറഞ്ഞു. യു.എസിലെ ഡാളസ്സില്‍ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായി ജനിച്ച കെന്നത്ത് വിദ്യാഭ്യാസത്തിനുശേഷം ക്രിസ്തുവിന്റെ ശിഷ്യനായിത്തീര്‍ന്നു.

കഷ്ടത എന്ന ദൌത്യം ഏറ്റെടുത്തുകൊണ്ട് ടാന്‍സാനിയന്‍ ദ്വീപിലേക്കു കപ്പല്‍ കയറുകയായിരുന്നു. കുട്ടികളെ ഇംഗ്ളീഷ് പഠിപ്പിച്ച് അവരെ ദൈവവഴിയിലൂടെ സഞ്ചരിപ്പിച്ച് ക്രിസ്തുവിന്റെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പ്രവര്‍ത്തന രീതി.