രാജ്യത്തെവിടെനിന്നും വീസയ്ക്ക് അപേക്ഷിക്കാം; ഇന്ത്യക്കാർക്ക് ഇളവുകളുമായി ജർമനി

Visa can be applied from anywhere in the country; Germany with concessions for Indians

Dec 1, 2022 - 19:03
 0
രാജ്യത്തെവിടെനിന്നും വീസയ്ക്ക് അപേക്ഷിക്കാം; ഇന്ത്യക്കാർക്ക് ഇളവുകളുമായി ജർമനി

ജര്‍മന്‍ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജര്‍മന്‍ എംബസി. ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. നേരത്തെ വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് നിരക്കുകൾ കുറച്ചിരുന്നു, അതിന് പുറമെയാണ് കൂടുതൽ ഇളവുകൾ.

ഇന്ത്യയിലെ ജർമൻ എംബസി നല്‍കുന്ന വിവരം അനുസരിച്ച്, അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, VFS ഗ്ലോബൽ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വീസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഷെങ്കൻ വീസ അപേക്ഷകൾ സമർപ്പിക്കാനും കഴിയും. കൂടാതെ അപേക്ഷകരുടെ വീടിനടുത്തുള്ള അപേക്ഷാ കേന്ദ്രം പൂർണമായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കില്‍, ലഭ്യമായ അപ്പോയിന്‍റ്മെന്‍റ് സ്ലോട്ടുകൾക്കായി അവർക്ക് മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ പരിശോധിക്കാവുന്നതാണ്. ഇത് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യല്‍ എളുപ്പമാക്കുന്നു.

എന്നാല്‍ തൊഴിൽ, വിദ്യാർത്ഥി അല്ലെങ്കിൽ കുടുംബ പുനരൈക്യ വീസകൾ പോലുള്ള ദേശീയ വീസകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് നിയമങ്ങളിലെ ഈ ഇളവ് ബാധകമല്ല. ജർമൻ സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിക്കുന്നവർ രണ്ട് സമീപകാല ഫോട്ടോകള്‍ക്കും സാധുവായ പാസ്‌പോർട്ടിനുമൊപ്പം അപേക്ഷ സമര്‍പ്പിക്കണം. പാസ്പോര്‍ട്ട് യാത്രാ കാലാവധിക്ക് ശേഷം മൂന്നു മാസം കൂടി, സാധുതയുള്ളതായിരിക്കണം. ഇന്ത്യൻ വിദ്യാർത്ഥികൾ, അവരുടെ അക്കാദമിക് രേഖകൾ അക്കാദമിക് ഇവാലുവേഷൻ സെന്‍റര്‍(എപിഎസ്) വഴി വിലയിരുത്തുകയും സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ആധികാരികത സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നതും കഴിഞ്ഞ മാസം ജർമനി നിർബന്ധമാക്കിയിരുന്നു.

കൂടാതെ, എല്ലാ അപേക്ഷകരും അവരുടെ അപേക്ഷയിൽ ആരോഗ്യ ഇൻഷുറൻസ്, റൗണ്ട് ട്രിപ്പ് യാത്രാ റിസർവേഷൻ, സാമ്പത്തിക മാർഗങ്ങളുടെ തെളിവ്, താമസത്തിന്‍റെ തെളിവ്, ഒരു ക്ഷണക്കത്ത് എന്നിവയും സമർപ്പിക്കണം. അപേക്ഷകരോട് തൊഴിലുമായി ബന്ധപ്പെട്ടുള്ള, അധിക രേഖകളും ആവശ്യപ്പെട്ടേക്കാം.

കഴിഞ്ഞ മാസം ആദ്യം, ദീർഘകാല ദേശീയ വിസകൾക്കും ഹ്രസ്വകാല ടൂറിസ്റ്റ് വീസകൾക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നതായി എംബസി പ്രഖ്യാപിച്ചിരുന്നു. ഒരു പ്രത്യേക ആവശ്യത്തിനായി, ജര്‍മനിയില്‍ പ്രവേശിക്കാന്‍ ഉടമയെ അനുവദിക്കുന്ന ദേശീയ വീസകള്‍ക്കുള്ള ഫീസ് നിരക്ക് കുറച്ചു. ഷെങ്കൻ വീസ ഫീസും കുറച്ചിട്ടുണ്ട്.