കഴിഞ്ഞ വര്‍ഷം ഇറാനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 53 ക്രൈസ്തവര്‍: യു‌എന്‍ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട്

പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ വര്‍ഷം ജനുവരിക്കും ഡിസംബറിനുമിടയില്‍ അന്‍പത്തിമൂന്നോളം ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത്.

Feb 23, 2022 - 21:20
 0

പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ വര്‍ഷം ജനുവരിക്കും ഡിസംബറിനുമിടയില്‍ അന്‍പത്തിമൂന്നോളം ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ തുടര്‍ച്ചയായി നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സ്ഥിരീകരണമാണ് ഇറാനിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ചുമതലപ്പെടുത്തിയിരുന്ന ജാവൈദ് റെഹ്മാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നേരിടുന്ന പീഡനങ്ങളേക്കുറിച്ചും, അവര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കേണ്ടി വരുന്ന ഇസ്ലാമിക പുനര്‍വിദ്യാഭ്യാസ പരിപാടികളെ കുറിച്ചുമുള്ള ആശങ്കകളും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 1 വരെ നടക്കുവാനിരിക്കുന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ 49-മത് സമ്മേളന പരമ്പരക്ക് മുന്നോടിയായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്ര സുരക്ഷക്ക് ഭീഷണിയെന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നതിനെ കുറിച്ചും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനും, സമാധാനപരമായി ഒത്തുകൂടിയതിനുമാണ് അന്‍പത്തിമൂന്നോളം ക്രൈസ്തവര്‍ അറസ്റ്റിലായിരിക്കുന്നതെന്നു ജാവൈദ് പറയുന്നു.

രാഷ്ട്ര വിരുദ്ധ പ്രചാരണം നടത്തി എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ സമീപദിവസങ്ങളില്‍ ഡെസ്ഫുള്‍ മേഖലയില്‍ നിന്നുള്ള ഒരു സംഘം മതപരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് നിര്‍ബന്ധിത ഇസ്ലാമിക പുനര്‍വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നുവെന്ന് ഇറാനിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാര്യവും മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരു തരം ശിക്ഷപോലെയുള്ള ഇത്തരം പുനര്‍വിദ്യാഭ്യാസ പരിപാടി സാധാരണയായി കൊണ്ടിരിക്കുകയാണെന്നും, ഇറാന്‍ കൂടി ഒപ്പിട്ടിരിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ നഗ്നമായ ലംഘനമാണിതെന്നും ആര്‍ട്ടിക്കിള്‍ 18 ആരോപിക്കുന്നു. അറസ്റ്റ്, വീടുകളിലും ദേവാലയങ്ങളിലുമുള്ള അന്യായമായ റെയ്ഡുകള്‍, ക്രൈസ്തവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 38 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇറാനിലെ പുനര്‍വിദ്യാഭ്യാസ പരിപാടി ‘ഡെസ്ഫുല്‍’ കോടതിവിധിയുടെ ലംഘനമാണെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ പറയുന്നു. മതത്യാഗം ശരിയാ ഇസ്ലാമിക നിയമമനുസരിച്ച് മാത്രമാണ് കുറ്റകമാകുന്നതെന്നും, രാഷ്ട്ര നിയമമനുസരിച്ച് കുറ്റകരമല്ലെന്നുമായിരുന്നു ‘ഡെസ്ഫുല്‍’ കോടതിവിധി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0