സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

May 14, 2024 - 11:41
May 14, 2024 - 11:41
 0

പത്തനംതിട്ട നിരണം സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോള്‍ട്രി ഫാമില്‍ സമാന രീതിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ വകുപ്പിന്റെ സമയോചിതമായി നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതിനാല്‍ പക്ഷിപ്പനി നിയന്ത്രിക്കാന്‍ സാധിച്ചു. അതേ മാതൃകയില്‍ നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദേശിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പക്ഷിപ്പനി പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം വകുപ്പിന് കീഴിലുള്ള എല്ലാ കോഴി/താറാവ് ഫാമുകളിലും ബയോസെക്യൂരിറ്റി നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിനും നിര്‍ദേശം നല്‍കി.

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിത മേഖലയില്‍ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റ് മൃഗങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ എല്ലാം നെഗറ്റീവ് ആണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പക്ഷിപ്പനി ബാധിച്ച് നിരണം ഫാമിലെ 560 താറാവുകള്‍ ആണ് മരണപ്പെട്ടത്. ഫാമില്‍ ബാക്കിയുള്ള 4081 താറാവുകളെയും ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ഏകദേശം 5000 ഓളം വളര്‍ത്തു പക്ഷികളെയും നിയന്ത്രണത്തിന്റെ ഭാഗമായി കള്‍ ചെയ്യേണ്ടി വരുമെന്നും ആയതിനായി 15 ടീമുകളെ ഇതിനകം സജ്ജമാക്കിയതായും ഡയറക്ടര്‍ അറിയിച്ചു. പക്ഷിപനി കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള കോഴിയും മുട്ടയും അടക്കമുള്ളവ തമിഴ്‌നാട് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെ കള്ളിങ്ങ് നടപടികള്‍ 14ന് ആരംഭിക്കുവാന്‍ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജ്ജിതമാക്കുവാന്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0