ബുർക്കിന ഫാസൊയിൽ സെമിനാരിക്കു നേരെ ജിഹാദി ആക്രമണം!
ഇരുചക്രവാഹനങ്ങളിലെത്തിയ മുപ്പതോളം ജിഹാദികളാണ് സെയിൻറ് കിസീത്തൊ ബുഗീ എന്ന സ്ഥലത്തെ സെമിനാരി ആക്രമിക്കുകയും വാഹനമുൾപ്പടെ പലതും അഗ്നിക്കിരയാക്കുകയും കുരിശുരൂപം തകർക്കുകയും ഒരു വാഹനം മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തത്.
ആഫ്രിക്കൻ നാടായ ബുർക്കീന ഫാസൊയിൽ ഒരു മൈനർ സെമിനാരിക്കു നേരെ ആക്രമണം. വ്യാഴാഴ്‌ച (10/02/22) രാത്രിയാണ് ഈ ആക്രമണം ഉണ്ടായതെന്ന് ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം (Aid to the Church in Need) വെളിപ്പെടുത്തി. ആളപായം ഒന്നു ഉണ്ടായില്ലെങ്കിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.
സെയിൻറ് കിസീത്തൊ ബുഗീ എന്ന സ്ഥലത്തെ സെമിനാരിയാണ് ആക്രമിക്കപ്പെട്ടത്. 146 സെമിനാരിക്കരും അവരുടെ 7 പരിശീലകരും ആണ് സെമിനാരിയിൽ ഉണ്ടായിരുന്നത്.
ഇരുചക്രവാഹനങ്ങളിലെത്തിയ മുപ്പതോളം ജിഹാദികളാണ് ഈ ആക്രമണത്തിനുത്തരവാദികൾ. ഒരു മണിക്കൂറോളം സെമിനാരിയിൽ തങ്ങിയാണ് അവർ ആക്രമണം നടത്തിയത്. വാഹനമുൾപ്പടെ പലതും അവർ അഗ്നിക്കിരയാക്കുകയും കുരിശുരൂപം തകർക്കുകയും ഒരു വാഹനം മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു.